കൊളംബോ : തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും കടലില്‍ നിന്നു കത്തുന്ന എംവി എക്സ്പ്രസ് പേള്‍ ചരക്ക് കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ അന്വേഷണ സംഘം. കപ്പലിലെ തീ ശ്രീലങ്കയുടെ പരിസ്ഥിതിയ്ക്ക് വന്‍ ഭീഷണിയാണ് എന്ന കാരണത്താലാണിത്.
സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ മെയ് 20ന് കൊളംബോ തുറമുഖത്ത് പ്രവേശിക്കാനിരിക്കേയാണ് തീപിടുത്തമുണ്ടാകുന്നത്. 25ടണ്‍ നൈട്രിക് ആസിഡും കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കായുള്ള അസംസ്കൃത വസ്തുക്കളുമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിന്റെ പിന്‍ഭാഗത്തെ തീ കെടുത്താനായിട്ടില്ല. ചരക്കുകളില്‍ കുറേഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തിലും വീണിട്ടുണ്ട്.ശ്രീലങ്കയിലെ ബീച്ചുകളിലും ഇവ വലിയ തോതില്‍ മലിനീകരണത്തിന് കാരണമായി.മത്സ്യബന്ധനവും നിരോധിച്ചു.
കപ്പലില്‍ നിന്ന് വലിയ തോതില്‍ പുറപ്പെടുന്ന നൈട്രജന്‍ ഡയോക്സൈഡ് ശ്രീലങ്കയില്‍ ആസിഡ് മഴയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.കപ്പലിലെ 25 അംഗ സംഘം ക്വാറന്റീന് പൂര്‍ത്തിയാക്കുമെന്നും ഇനി ചോദ്യം ചെയ്യുമെന്നും പോലീസ് വക്താവ് പറഞ്ഞു. കപ്പല്‍ മെയ് 11ന് ശ്രീലങ്കന്‍ കടലില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ നൈട്രിക് ആസിഡ് ചോര്‍ച്ചയുണ്ടെന്ന് ക്യാപ്റ്റന്‍ അറിയാമായിരുന്നുവെന്ന് മറൈന്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റി(എംഇപിഎ) ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക നാശം എത്രത്തോളമാണെന്ന് വിലയിരുത്തി വരികയാണെന്നും കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശം അവസ്ഥയാണെന്നും എംഇപിഎ മേധാവി ധര്‍ഷനി മെഹന്ദപുര പറഞ്ഞു.
Discussion about this post