പ്യോങ്യാങ് : ഉത്തരകൊറിയയില്‍ സ്‌പൈക്ക് ഹെയര്‍ സ്റ്റൈല്‍, ഇറുകിയ ജീന്‍സ് തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തി ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവ്. യുവാക്കള്‍ക്കിടയില്‍ പാശ്ചാത്യ രീതികളോടുള്ള അഭിനിവേശം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഉത്തര കൊറിയന്‍ പത്രം റൊഡോങ് സിന്‍മം ലേഖനമെഴുതിയതിന്റെ പശ്ചാത്തലത്തിലാണിത്.
രാജ്യത്തിന്റെ തനതായ ജീവിതരീതിയിലാണ് ജനത ജീവിക്കേണ്ടതെന്നും മുതലാളിത്ത ജീവിതചര്യകളും പാശ്ചാത്യരീതികളും രാജ്യത്ത് കടന്നുകയറ്റം നടത്തുന്നതിനെതിരെ നടപടി എടുക്കണമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് കാട്ടിയാണ് യുവാക്കളില്‍ ഇപ്പോഴും തരംഗമായ സ്‌പൈക്ക് പോലുള്ള 15 ഹെയര്‍സ്‌റ്റൈലുകള്‍ രാജ്യത്ത് നിരോധിച്ചത്. മുടി കളര്‍ ചെയ്യുന്നതിനും വിലക്കുണ്ട്.
സ്‌പോര്‍ട്ട്‌സിനനുയോജ്യമായ 215 ഹെയര്‍സ്‌റ്റൈലുകളില്‍ നിന്ന് മാത്രമാണ് ഇനി ഹെയര്‍സ്‌റ്റൈലുകള്‍ തിരഞ്ഞെടുക്കാനാവുക.മൂക്കും ചുണ്ടും കുത്തിയുള്ള സ്റ്റൈലുകളും പറ്റില്ല.സ്‌കിന്നി ജീന്‍സിനും റിപ്പ്ഡ് ജീന്‍സിനുമുള്ള വിലക്ക് കൂടാതെ സ്‌ളോഗനുകള്‍ എഴുതിയ ടീഷര്‍ട്ടുകളും ധരിക്കാന്‍ അനുവാദമില്ല. ബിടിഎസ്, ബ്‌ളാക്ക് പിങ്ക് തുടങ്ങിയ പോപ് ബാന്‍ഡുകള്‍ക്ക് രാജ്യത്ത് ആരാധകര്‍ വര്‍ധിക്കുന്നതിനാല്‍ പോപ് മ്യൂസിക്കിന് വിലക്കേര്‍പ്പെടുത്താനും അധികൃതര്‍ക്ക് ആലോചനയുണ്ട്.
സാമ്പത്തികമായും സൈനികബലത്തിലും എത്ര തന്നെ മുന്നിട്ട് നിന്നാലും തനത് പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ഏതൊരു രാജ്യത്തിന്റെയും നാശത്തിനത് വഴിവെയ്ക്കും എന്നാണ് പത്രം റിപ്പോര്‍ട്ട്‌ചെയ്തത്.