കൊളംബോ : കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപിടുത്തമുണ്ടായ ചരക്ക് കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതിനാല്‍ ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് ശ്രീലങ്കന്‍ പരിസ്ഥിതി സംഘടനയുടെ മുന്നറിയിപ്പ്.തീരദേശപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും വരും ദിവസങ്ങളില്‍ മഴ കൊള്ളരുതെന്നും നിര്‍ദേശമുണ്ട്.
മെയ് 20 ന് കൊളംബോ തീരത്തിനടുത്ത് നങ്കൂരമിട്ട എംവി എക്സ്പ്രസ് പേള്‍ എന്ന കപ്പലിലാണ് തീപിടുത്തമുണ്ടാകുന്നത്.രാസവസ്തുക്കളും കോസ്മെറ്റിക് വസ്തുക്കളുടെ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുമായി ഗുജറാത്തില്‍ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്ന കപ്പല്‍ കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് തീപിടിക്കുകയായിരുന്നു.325 മെട്രിക് ടണ്‍ ഇന്ധനമാണ് ടാങ്കുകളില്‍ ഉള്ളത്. ഇതിനുപുറമേ 1486 കണ്ടെയ്നറുകളിലായി 25 ടണ്‍ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്.
വളരെ വലിയ അളവിലാണ് കപ്പലില്‍ നിന്ന് നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മറൈന്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റി ചെയര്‍പേഴസണ്‍ ധര്‍ശനി ലഹന്ദപുര പറഞ്ഞു.കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതിനായുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ കപ്പലുകളും ശ്രീലങ്കന്‍ തുറമുഖ അതോറിറ്റിയുടെ രണ്ട് തഗ് ബോട്ടുകളും ശ്രീലങ്കന്‍ നീവികസേനയും ചേര്‍ന്നാണ് തീ അണയ്ക്കുന്നത്. മലനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയുടെ പ്രത്യേക മലിനീകരണ പ്രതികരണ കപ്പല്‍ സമുദ്ര പ്രഹരി ഇന്നെത്തും. കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ച ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
Discussion about this post