വാഷിംഗ്ടണ്‍ : നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബി ഇന്നോ നാളെയോ ഭൂമിയില്‍ പതിച്ചേക്കാമെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം.
ഭ്രമണപഥത്തില്‍ അസ്ഥിരമായ രീതിയില്‍ സഞ്ചരിക്കുന്ന റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തില്‍ നിന്നുള്ള ഉയരം 210-250 കിലോമീറ്ററായിട്ടുണ്ട്.മണിക്കൂറില്‍ 28000 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം.ജനവാസമേഖലകള്‍ക്ക് ഭീഷണിയാകാത്ത തരത്തില്‍ സമുദ്രങ്ങളിലെവിടെയങ്കിലും വീഴുമെന്നാണ് വിദഗ്ധരുടെ ശുഭാപ്തി വിശ്വാസം എങ്കിലും ഇത് തള്ളിക്കളയുന്നവരുണ്ട്.യാത്രയ്ക്കിടയില്‍ റോക്കറ്റ് എരിഞ്ഞു തീരുമെന്നും അപകട സാധ്യതയില്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെര്‍ബിന്‍ പറഞ്ഞു.വിഷയത്തില്‍ ചൈനയുടെ ആദ്യ പ്രതികരണമാണിത്.
ഇതിനിടെ റോക്കറ്റ് വെടിവെച്ച് നശിപ്പിക്കുമെന്ന അഭ്യൂഹം പരന്നെങ്കിലും അക്കാര്യം ആലോചിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.ഏപ്രില്‍ 29ന് ചൈനയുടെ പുതിയ സ്‌പേസ് സ്റ്റേഷന്‍ പദ്ധതിയുടെ ആദ്യ മൊഡ്യൂള്‍ ബഹിരാകാശത്തെത്തിക്കാനായാണ് 849 ടണ്‍ ഭാരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ഇതിന്റെ 21 ടണ്‍ ഭാരമുള്ള കോര്‍ സ്‌റ്റേജാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്.
സാധാരണഗതിയില്‍ കോര്‍സ്‌റ്റേജുകള്‍ ഡീ ഓര്‍ബിറ്റ് ബേണ്‍ എന്ന പ്രക്രിയയിലൂടെ തിരിച്ചിറങ്ങാറുണ്ട്. എന്നാല്‍ അതിനുള്ള സൗകര്യം ചൈന ലോങ് മാര്‍ച്ച് ബിയ്ക്ക് നല്‍കിയിട്ടില്ലെന്ന് ഹാര്‍വഡ് ശാസ്ത്രജ്ഞന്‍ ജൊനാഥന്‍ മക്ഡവ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.