വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാമത്തൈ പ്രസിഡന്റായി ജോ ബൈഡന് അധികാരമേല്‍ക്കുന്നതിന് സാക്ഷ്യംവഹിക്കാതെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസില്‍ നിന്നിറങ്ങി.
എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ ഫ്ളോറിഡയിലേക്കാണ് അദ്ദേഹം പോകുന്നത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
ഇതിന് മുന്‍പ് അമേരിക്കയുടെ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്സണ് മാത്രമാണ് അടുത്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നില്‍ക്കാതെ വൈറ്റ് ഹൗസ് വിട്ടത്.
ബൈഡന് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു പോയത്. ബൈഡന് ഒരു കുറിപ്പ് എഴുതിവെച്ചിട്ടാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കുറിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നും ലഭ്യമല്ല.
അതേസമയം ഏറ്റവും വലിയ നികുതി കിഴിവ് നല്‍കിയെന്ന് ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ ഐക്യം ഊട്ടി ഉറപ്പിച്ചെന്നും ട്രംപ്. കൊവിഡ് വാക്സിന് റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചു. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ട്രംപിന്റെ വിട വാങ്ങല്‍ പ്രസംഗം.
വിട വാങ്ങല്‍ പ്രസംഗത്തിലും ചൈന വൈറസ് പരാമര്‍ശം ട്രംപ് നടത്തി. തിരിച്ചുവരുമെന്നും ട്രംപ് സൂചന നല്കി. നാല് വര്‍ഷങ്ങള്‍ മഹത്തരം ആയിരുന്നെന്ന് ട്രംപ്. വാഷിംഗ്ടണ്ണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വച്ചാണ് കുടുംബത്തെയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിവാദ്യം ചെയ്തത്. താന്‍ അവര്‍ക്ക് വേണ്ടി പോരാടുമെന്നും ട്രംപ് വ്യക്തമാക്കി.
എല്ലാ കാര്യങ്ങളും അതിസങ്കീര്‍ണമാണ്. ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ഒമ്പത് മാസം കൊണ്ട് കൊവിഡ് വാക്സിന് വികസിപ്പിക്കാന്‍ സാധിച്ചത് മെഡിക്കല്‍ ചരിത്രത്തിലെ വിസ്മയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
‘നിങ്ങള്‍ അത്ഭുതകരമായ ജനതയാണ്. ഇതൊരു മഹത്തായ രാഷ്ട്രമാണ്. നിങ്ങളുടെ പ്രസിഡന്റായി ഇരിക്കുക എന്നത് അഭിമാനകരമായിരുന്നു,’ ട്രംപ് പറഞ്ഞു. താനെല്ലാം ശ്രദ്ധിക്കുകയും കേള്‍ക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30-നാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന് സ്ഥാനമേല്‍ക്കുന്നത്. അതീവസുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
Discussion about this post