വാഷിങ്ടണ്‍: പ്രസിഡന്റ് പദവി ഒഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ നയതന്ത്രോപദേഷ്ടാവ് സ്റ്റീവ് ബന്നണ്‍ ഉള്‍പ്പെടെ 73 വ്യക്തികള്‍ക്ക് മാപ്പ് നല്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടാതെ, മറ്റ് 70 പേരുടെ ശിക്ഷയിലും ട്രംപ് ഇളവനുവദിച്ചതായി പ്രസ്താവനയിലൂടെ വൈറ്റ് ഹൗസ് വ്യക്തമാക്കി.
മാപ്പ് നല്കുന്ന തീരുമാനം അവസാന നിമിഷം എടുക്കുന്നതിന് മുമ്പ് ബന്നണുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016ലെ തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടത്തിയതിന്റെ പേരിലാണ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവും ക്യാംപെയ്നിലെ പ്രധാനിയുമായിരുന്ന സ്റ്റീവ് ബാനണ്‍ ശിക്ഷിക്കപ്പെട്ടത്.
ട്രംപിന് വേണ്ടി ധനസമാഹരണം നടത്തിയിരുന്ന എലിയട്ട് ബ്രോയിഡിയും മാപ്പ് നല്കപ്പെട്ടവരില്പ്പെടുന്നു. ആയുധം കൈവശം വെച്ച കുറ്റത്തിന് കഴിഞ്ഞ കൊല്ലം പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച റാപ്പര്‍ ലില്‍ വെയ്നും ട്രംപ് മാപ്പ് നല്കി. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് ട്രംപ് ശിക്ഷയില്‍ മാപ്പ് നല്‍കിയത്.
ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ ബാക്കി നില്‍ക്കുന്നതിനിടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതെ ഫ്ളോറിഡയിലെ സ്വവസതിയിലേക്ക് ട്രംപ് യാത്ര തിരിക്കുമെന്നാണ് സൂചന.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും. ബൈഡന് അധികാരമേല്‍ക്കുന്ന ദിവസം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കനത്ത സുരക്ഷയിലായിരിക്കും ചടങ്ങുകള്‍ നടക്കുക. വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. യുഎസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ നടക്കുക.
Discussion about this post