ഇന്‍ഡൊനീഷ്യ: കോവിഡ് ഭീതിയ്ക്കിടയില്‍ യാത്രകള്‍ സുരക്ഷിതമല്ല, എന്നാല്‍ ഒഴിച്ചുകൂടാനാവാത്ത യാത്രകള്‍ നടത്തുകയും വേണം. അത്തരത്തില്‍ ഇന്തൊനേഷ്യയിലെ കോടീശ്വരന്‍ ഭാര്യയുമൊത്ത് യാത്ര ചെയ്യുന്നതിനായി ഒരു വിമാനം തന്നെ ബുക്ക് ചെയ്തിരിക്കുകയാണ്.
ഇന്‍ഡൊനീഷ്യയിലെ റിച്ചാര്‍ഡ് മുല്‍ജദിയാണ് ഭാര്യ ഷാല്‍വൈന്‍ ചാങ്ങുമായുള്ള ബാലി യാത്രയ്ക്കായി ലയണ്‍ എയര്‍ വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തില്‍ ഒറ്റയ്ക്കിരിക്കുന്നതിന്റെയും ഒഴിഞ്ഞ സീറ്റുകളുടേയും ഫോട്ടോ റിച്ചാര്‍ഡ് സ്റ്റോറിയില്‍ ചേര്‍ത്തിരുന്നു. വിമാനത്തില്‍ തങ്ങള്‍ മാത്രമല്ലെങ്കില്‍ യാത്ര മാറ്റി വെക്കുമായിരുന്നുവെന്നും റിച്ചാര്‍ഡ് പറഞ്ഞു.
എന്നാല്‍, റിച്ചാര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സത്യമല്ലെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് റിച്ചാര്‍ഡിന്റെ പേരില്‍ ബുക്ക് ചെയ്തിരുന്നതെന്ന് ലയണ്‍ എയര്‍ ഗ്രൂപ്പ് വക്താവ് അറിയിച്ചു. മുഴുവന്‍ വിമാനസീറ്റുകള്‍ ബുക്ക് ചെയ്യണമെങ്കില്‍ വന്‍ തുക റിച്ചാര്‍ഡ് ചെലവാക്കേണ്ടി വരും. ഇത്രയും തുക ചെലവാക്കി റിച്ചാര്‍ഡ് വിമാനം ബുക്ക് ചെയ്തതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കമ്പനി വക്താവ് പറയുന്നത്.
അതേസമയം,ആഡംബര ജീവിതം നയിക്കുന്ന റിച്ചാര്‍ഡ് ഇത്തരം പൊങ്ങച്ചം പറയല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ പ്രമുഖ വ്യവസായിയായ കാര്‍ട്ടിനി മുല്‍ജദിയുടെ പേരക്കുട്ടിയായ റിച്ചാര്‍ഡ് മുമ്പൊരിക്കല്‍ തന്റെ നായക്കുട്ടിയ്ക്ക് കാര്‍ വാങ്ങി നല്‍കി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.