വാഷിങ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം കാരണം വൻപ്രതിസന്ധി സംഭവിച്ചിരിക്കെ കൊവിഡിന് പിന്നിൽ ചൈനയാണെന്ന് വീണ്ടും പരസ്യമായി ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് അത്ര നിസ്സാരമായി കാണാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
വ്യാഴാഴ്ച മിഷിഗണിൽ വെച്ചു നടന്ന ആഫ്രിക്കൻ അമേരിക്കൻ നേതാക്കളുമായുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിക്ക് കാരണം കമ്മ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കക്കാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും സെനറ്റർ ടെഡ് ക്രൂസും ആരോപിച്ചു.
കൊറോണയെ നിയന്ത്രിക്കാൻ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണെന്ന് നേരത്തെയും ട്രംപ് വിമർശിച്ചിരുന്നു. ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി നിലപാടെടുത്തെന്നും ട്രംപ് ആരോപിക്കുകയും സാമ്പത്തിക സഹായം നിർത്തലാക്കുകയും ചെയ്തിരുന്നു.