കാട്ടുതീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യന്‍ ദമ്പതികള്‍

മെല്‍ബണ്‍: കാട്ടുതീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ ജനതക്ക് സഹായവുമായി റെസ്റ്റോറന്റ് നടത്തുന്ന ഇന്ത്യന്‍ ദമ്പതികള്‍. കമല്ജീത്ത് കൗറും ഭര്‍ത്താവ് കന്വാല്‍ജീത്ത് സിംഗുമാണ് ഇവര്‍ക്കായി ഭക്ഷണമുണ്ടാക്കുന്നത്. വിക്ടോറിയയിലെ ബൈറന്‍സ്‌ഡേലിലാണ് ഈ ദമ്പതികളുടെ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

”ചോറും കറിയും ആണ് നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇത് വിതരണം ചെയ്യുന്നത്. ഭക്ഷണം ചോദിച്ച് റെസ്റ്റോറന്റിലെത്തുന്നവര്‍ക്കും ആഹാരം നല്‍കുന്നുണ്ട്” – കമല്‍ജീത്ത് കൗര്‍ പറഞ്ഞു.
സാഹചര്യം വളരെ മോശമാണ്. ആദ്യം ഇവിടെ കുറഞ്ഞ് തോതില്‍ മാത്രമായിരുന്നു കാട്ടുതീ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടിത് തീ പടര്‍ന്ന്പിടിക്കുകയായിരുന്നു. ആളുകള്‍ക്ക് അവരുടെ ജീവിതവും വീടും കൃഷിയിടങ്ങളും വളര്‍ത്തുമൃഗങ്ങളെയും നഷ്ടപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

പത്തുവര്‍ഷം മുമ്പാണ് ഈ ദമ്പതികള്‍ ഓസ്‌ട്രേലിയയില്‍ താമസമാക്കിയത്. ഭക്ഷണം തയ്യാറാക്കാന്‍ ആളുകള്‍ കുറവാണെങ്കിലും റെസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ തയ്യാറായില്ല ഈ ദമ്പതികള്‍. പകരം സുഹൃത്തുക്കളുടെ സഹായത്താല്‍ ഇവര്‍ ആഹാരം തയ്യാറാക്കി നല്‍കുകയാണ്. ” കാട്ടുതീ പടര്‍ന്നതോടെ മിക്ക ജീവനക്കാരും വിട്ടുപോയി. ഇപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ് സഹായിക്കുന്നത്. ” – കൗര്‍ പറഞ്ഞു.

ഓസ്ട്രേലിയയെ കാട്ടുതീ വീഴുങ്ങികൊണ്ടിരിക്കുകയാണ്. കാട്ടുതീ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി നാവികസേന രംഗത്തെത്തിയിരുന്നു. ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാന്‍ നാവികസേനയുടെ രണ്ട് കപ്പലുകളെയാണ് നിയോഗിച്ചിട്ടുണ്ട്.

Exit mobile version