പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇംഗ്ലണ്ടിലും കാലിഫോര്‍ണിയയിലും പ്രതിഷേധം ഉയര്‍ന്നു. ഇന്ത്യന്‍ പതാകയേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രതിഷേധക്കാര്‍ സമരത്തില്‍ ഇറങ്ങിയത്. ഇന്ത്യക്കാരെ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതേസമയം ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലും അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയിലുമാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. പ്രവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരവധി ആളുകള്‍ പങ്കുച്ചേര്ന്നതോടെ സമരം ശ്രദ്ധേയമായി. ഡിസംബര്‍ 29 ന് നോട്ടിങ് ഹാമിലെ ബ്രിയന്‍ ക്ലൂ സ്റ്റാച്യു വേദിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേര് പങ്കെടുത്തു.
‘നാനാത്വത്തില്‍ ഏകത്വം ‘ എന്ന ആശയം മുന്‍ നിര്‍ത്തി കുട്ടികള്‍ തെരുവ് നാടകവും അവതരിപ്പിച്ചു. കൂടാതെ പൗരത്വ നിയമ ഭേദഗതിയ്ക്കും എന്‍ആര്‍സിയ്ക്കും എതിരായ ലഘു ലേഖകളും പ്രതിഷേധക്കാര്‍ വിതരണം ചെയ്തു. ഇതിനിടെ ചിലര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപ്പെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.