പാകിസ്താനില്‍ നിന്നും പെണ്‍കുട്ടികളെ ചൈനീസ് പുരുഷന്മാരുടെ വധുവാകാന്‍ കടത്തുന്നതായി റിപ്പോര്‍ട്ട്. ചൈനയിലേക്ക് കടത്തിയ 629 പെണ്‍കുട്ടികളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അസോസിയേറ്റഡ് പ്രസ്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.
പാക്കിസ്ഥാനിലെ മനുഷ്യക്കടത്ത് ശൃംഖലയെ നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കടത്തുന്ന വിവരം ലഭിച്ചത്. 2018 മുതല്‍ നടന്ന മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 629 വനിതകളുടെ വിവരങ്ങള്‍ എപി പുറത്തിറക്കിയ പട്ടികയിലുണ്ട്.
ലോകത്ത് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. ഇവിടെ സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് കൂടുതല്‍. വധുവായി പെണ്‍കുട്ടികളെ നാട്ടില്‍ നിന്നു തന്നെ കിട്ടാതായതോടെയാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയത്.
ഈ സാഹചര്യം മനുഷ്യക്കടത്തുകാര്‍ ചൂഷണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന യുവതികളാണ് ഇത്തരക്കാരുടെ കൈയ്യില്‍ പെട്ട് പോവുന്നത്. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെയാണ് മനുഷ്യക്കടത്തു മാഫിയ ലക്ഷ്യംവയ്ക്കുന്നത്.
Discussion about this post