എസെക്‌സ്: ലണ്ടന്‍ നഗരത്തില്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 25 കാരനായ മോ റോബിന്‍സണ്‍ ആണ് ട്രക്കിന്റെ ഡ്രൈവര്‍. നരഹത്യ, മനുഷ്യക്കടത്ത് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റോബിന്‍സനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ വടക്കന്‍ അയര്‍ലന്ഡ് സ്വദേശിയാണ്. റോബിന്‍സനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നാലാമത്തെ ആളെയും അറസ്റ്റ് ചെയ്തിരുന്നു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് മുപ്പത്തി എട്ട് മുതിര്‍ന്നയാളുകളും കൗമാരപ്രായത്തിലുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്. കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം ചൈനീസ് സ്വദേശികളുടെതാണ് എന്നായിരുന്നു എസെക്‌സ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിയറ്റ്‌നാമില്‍ നിന്നുള്ളവരുള്‍പ്പടെ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പുതിയ നിഗമനം.
ബുധനാഴ്ച കിഴക്കന്‍ ലണ്ടനിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ നിന്നാണ് ട്രക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പോലിസ് പറഞ്ഞു.