എസെക്‌സ്: ലണ്ടന്‍ നഗരത്തിലെ കണ്ടെയ്നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതാണന്ന് കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ നാലാമത്തെ ആളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വച്ച് 48 കാരന്‍ അറസ്റ്റിലായത്. ഇയാള്‍ വടക്കന്‍ അയര്‍ലന്ഡ് സ്വദേശിയാണ്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറായിരുന്ന 25 കാരന്‍ മോ റോബിന്‍സണ് അന്നേ ദിവസം തന്നെ കസ്റ്റഡിയിലായിരുന്നു. പിന്നീട് വെള്ളിയാഴ്ച വാരിംഗ്ടണില്‍ വച്ച് 38 വയസ്സുള്ള യുവാവും യുവതിയും കസ്റ്റഡിയിലായി.
ബുധനാഴ്ച കിഴക്കന്‍ ലണ്ടനിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ നിന്നാണ് ട്രക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ട്രക്കിന്റെ ഡ്രൈവറെ ലണ്ടന്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മറ്റുള്ളവരുടെ അറസ്റ്റ്.
ട്രക്കില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളില്‍ 38 എണ്ണവും പ്രായപൂര്‍ത്തിയായവരുടേതാണ്. ഒരു മൃതദേഹം കൗമാരക്കാരന്റേതാണ്. ഇത് ചൈനീസ് പൗരന്മാരുടേതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ വിയറ്റ്‌നാമില്‍ നിന്നുള്ളവരുള്‍പ്പടെ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പുതിയ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.