ജപ്പാനില്‍ ഹജിബിസ് ചുഴലിക്കാറ്റ്; 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹജിബിസ് ചുഴലിക്കാറ്റ്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് പേര്‍ മരണപ്പെട്ടു. അതേസമയം നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

അറുപതു വര്‍ഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റിനെയാണ് ജപ്പാന്‍ ഇപ്പോള്‍ നേരിടുന്നത്. പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക് പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്. ഏതാണ്ട് 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ടോക്കിയോയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ജപ്പാന്റെ കിഴക്കന്‍ തീരം ലക്ഷ്യമാക്കി മണിക്കൂറില്‍ 225 കി.മീറ്റര്‍ വേഗതയില്‍ ഹജിബിസ് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും റദ്ദാക്കിയിരുന്നു. ഇതിനിടെ മിനാംബിബോസോയില്‍ 5.7 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി. വ്യാപകമായി വൈദ്യുതി ബന്ധവും തകരാറിലായി.

Exit mobile version