കാലിഫോര്‍ണിയ: മാതാവിന്റെ മരണ ശേഷം വീട് വില്ക്കാന് എത്തിയ മകളെ ഞെട്ടിച്ച് ആ കത്ത്. വീട്ടില്‍ ഉണ്ടായിരുന്ന കേബിള്‍ ടിവിക്കാരുടെ ഒരു കത്തായിരുന്നു അത്. നൂറ്റിരണ്ടാം വയസിലാണ് അമ്മ മരിച്ചത്. ശേഷം പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ വീട് വില്ക്കാന് കാലിഫോര്‍ണിയയിലെത്തുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് കാലിഫോര്‍ണിയയിലെ സാന്‍ ലോറന്‍സോ സ്വദേശിനിയായ ഇസബെല്‍ ആല്‍ബ്രറ്റോ അന്തരിച്ചത്. ഇതോടെ അമ്മയുടെ വീട് വില്ക്കാന് തീരുമാനിച്ചതോടെ വീട് വൃത്തിയാക്കിയ മകള്‍ ടിവിയുടെ കേബിള്‍ കണക്ഷന് വേണ്ടെന്ന് വെച്ചിരുന്നു. ഇതാണ് സംഭവത്തിന്റെ തുടക്കം. എന്നാല്‍ കാലാവധി തീരാതെ കണക്ഷന് ഉപേക്ഷിച്ചതിന് വന്‍ തുകയുടെ ബില്ലാണ് മകളെ കാത്തിരുന്നത്.
പതിനയ്യായിരം രൂപ വീതം കാലാവധി തീരുന്നത് വരെ അടയ്ക്കണം എന്നായിരുന്നു കേബിള്‍ ടിവിക്കാരുടെ വാദം. കേബിള്‍ കണക്ഷന് എടുത്തിരുന്ന ആള് മരിച്ചതൊന്നും കണക്കിലെടുക്കില്ലെന്നാണ് കേബിള്‍ കണക്ഷന് നല്കിയ ഡയറക്ട് ടിവി എന്ന കമ്പനിയുടെ അവകാശവാദം. മരിക്കുന്നതിന് മുന്‍മ്പ് ഇസബെല്‍ കെയര്‍ടേക്കറുടെ നിര്‍ദ്ദേശമനുസരിച്ച് കേബിള്‍ കണക്ഷന് മകളുടെ പേരില്‍ ആക്കിയെന്നാണ് കേബിള്‍ കമ്പനിയുടെ വാദം.
കരാര്‍ അവസാനിക്കാന്‍ ഇനിയും രണ്ട് വര്‍ഷമുണ്ട്. അത് കഴിയാതെ ഉപേക്ഷിക്കുകയാണെങ്കില്‍ വന്‍ തുക അടയ്ക്കേണ്ടി വരും എന്നാണ് കേബിള്‍ ടിവി കമ്പനിയുടെ വാദം. സംഭവം വാര്‍ത്തയായതോടെ പിഴത്തുക കുറച്ച് നല്കാന് തയ്യാറായ കമ്പനി പ്രശ്നം രൂക്ഷമായതോടെ തുക എഴുതി തള്ളുകയായിരുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post