ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായ ചിത്രം ‘ഉദാഹരണം സുജാത’യില്‍ സുജാതയും മകള്‍ ആതിര കൃഷ്ണനും ഒരുമിച്ച് പത്താംക്ലാസില്‍ പഠിക്കുന്നതും പരീക്ഷയില്‍ മികച്ച വിജയം നേടുന്നതും പറയുന്നുണ്ട്. അതുപോലെ ഒരു അമ്മയും മകളും ഒരേക്ലാസില്‍ പഠിച്ച് മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ്. ആഭ്യന്തര യുദ്ധങ്ങളാല്‍ കലുഷിതമായ സൊമാലിയയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അമ്മയും മകളുമാണ് ആ താരങ്ങള്‍.
ഫല്‍ഹാദ് അഹമ്മദ് മൊഹമ്മദും മകള്‍ ആമിനാ മുഹമ്മദും വിര്‍ജീനിയയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയിരിക്കുകയാണ്.
മകളോടൊപ്പം മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കിയപ്പോള്‍ അത്, നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫല്‍ഹാദ് സ്വന്തം അച്ഛന് നല്കിയ ഒരു വാഗ്ദാനത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു.
1980-ല്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനിടെ വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് ഫല്‍ഹാദിന്റെ അച്ഛന് അവളെക്കൊണ്ടൊരു പ്രതിജ്ഞ ചെയ്യിച്ചിരുന്നു. അമേരിക്കയ്ക്ക് പോയാലും, തന്റെ പഠിത്തം തുടരും എന്ന്. അന്ന് വാക്കൊക്കെ കൊടുത്തെങ്കിലും, തന്റെ നല്ല കാലത്തൊന്നും അത് പാലിക്കാനുള്ള സാഹചര്യങ്ങള്‍ അവള്‍ക്കുണ്ടായില്ല. അമേരിക്കയില്‍ വന്ന ശേഷം ഒരിക്കല്‍ തിരിച്ചു നാട്ടിലേക്ക് പോയ ഫല്‍ഹാദിന്റെ ഭര്‍ത്താവ് അവിടെ നടന്ന ഒരു കലാപത്തിനിടെ കൊല്ലപ്പെട്ടു. അതോടെ അമേരിക്കയില്‍ ഫല്ഹാദും കുഞ്ഞുങ്ങളും ഒറ്റയ്ക്കായി.
കുടുംബത്തിന്റെ സകല ഉത്തരവാദിത്തങ്ങളും അവരുടെ തലയിലായി. പിന്നെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടമായിരുന്നു ഫല്ഹാദിന്റേത്. അതിനിടെ പഠിപ്പിനെ കുറിച്ചൊന്നും ചിന്തിക്കാനേ പറ്റില്ലായിരുന്നു. രണ്ടും മൂന്നും ജോലികള്‍ ചെയ്താണ് അവര്‍ കുടുംബം നോക്കിയത്.
ഒടുവില്‍ ഫല്‍ഹാദിന്റെ ഏറ്റവും ഇളയ മകള്‍ ആമിനാ മുഹമ്മദിന് ബിരുദപഠനത്തിനു ചേരാനുള്ള സമയമായി. അപ്പോഴേക്കും ഫാല്‍ഹാദിന് അമ്പത്തേഴു വയസ്സ്. ആമിനയ്ക്ക് ഒരേ വാശിയായിരുന്നു അമ്മയും കൂടി ചേരുമെങ്കില്‍ മാത്രമേ താന്‍ ഐടിയില്‍ മാസ്റ്റേഴ്സ് ബിരുദത്തിന് ചേര്‍ന്ന് പഠിത്തം തുടരൂ എന്ന്.
അടുത്ത ദിവസം ആമിന അമ്മയെ തന്റെ കോളേജില്‍ കൂട്ടിക്കൊണ്ടുപോയി. രണ്ടുപേരും ഒരുമിച്ച് അഡ്മിഷനെടുത്തു. അമ്മയും മോളും ഒരേ ക്ളാസില്‍ ഒരേ കോഴ്സിന് ചേര്‍ന്നു. പുസ്തകങ്ങളുമേന്തി കോളേജിലേക്ക് വരുന്ന ഫല്‍ഹാദ് എല്ലാവര്ക്കും കൗതുകമായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് പ്രചോദനമായി.
ഫല്ഹാദിന് സ്വന്തം മക്കള്‍ക്കുമുന്നില്‍, ‘താന്‍ പഠിക്കാന്‍ ഒട്ടും പിന്നിലല്ല’ എന്ന് തെളിയിക്കണമായിരുന്നു അവര്‍ക്ക്. അതിലവര്‍ വിജയിച്ചു. പരീക്ഷകളിലെല്ലാം നല്ല മാര്‍ക്കു നേടി അവര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ഒടുവില്‍ അമ്മയും മകളും ഒരേദിവസം ബിരുദമേറ്റു വാങ്ങുന്ന ആ ദിവസവും വന്നെത്തി. അന്ന് ഫല്‍ഹാദിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. ഇനി ഇരുവരും പിഎച്ച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്.
Discussion about this post