ആശ്രയ പവിത്രന്
ആറര പതിറ്റാണ്ടായി കളരി രംഗത്തെ നിറസാന്നിധ്യം , കടത്തനാടിന്റെ പുതിയ ഉണ്ണിയാര്‍ച്ച ,രാഘവന് ഗുരുക്കളുടെ പ്രിയ പത്നി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്ക്കര്ഹയായ പത്മശ്രീ മീനാക്ഷിയമ്മയുടെ വിശേഷങ്ങളിലൂടെ …….
എഴുപത്തേഴാം വയസിലും ഇത്രയും കൃത്യതയാര്‍ന്ന ചുവടുകള്‍ക്ക് പിന്നിലെ രഹസ്യം എന്താണ് ?
ഏഴാം വയസില്‍ തുടങ്ങിയതാണ് കളരി പഠിക്കാന്‍. മാഷുമായുള്ള വിവാഹ ശേഷവും അത് തുടര്‍ന്നു. അതുകൊണ്ടുതന്നെ കളരിയിലെ ചുവടുകളൊന്നും ഇതുവരെ മറന്നിട്ടില്ല. ഇപ്പോഴും കളിക്കാനും പഠിപ്പിക്കാനും സാധിക്കുന്നുണ്ട്.
കളരി ചിട്ടകള്‍ എന്തൊക്കെയാണ് ?
രാവിലെ കളരി കഴിഞ്ഞു പോയാല്‍ കുരുമുളക് വെള്ളം കുടിക്കും. പണ്ടുകാലത്ത് ഭക്ഷണത്തിനു ക്ഷാമമായിരുന്നു. ഭക്ഷണം കിട്ടാന്‍ വേണ്ടി മാത്രം കുട്ടികള്‍ കളരിയില്‍ വരാറുണ്ടായിരുന്നു . ഇന്ന് ആ അവസ്ഥയൊക്കെ മാറി. ഉഴിച്ചിലിന്റെ സമയത്താണ് കളരിയില്‍ പ്രധാനമായും ചിട്ടകളൊക്കെ ഉള്ളത്. ആ സമയത്തു കുട്ടികള്‍ക്ക് പ്രത്യേകം ഭക്ഷണം നല്‍കും. ഇതിനുപുറമെ വെയില് കൊള്ളാതിരിക്കുക ,വിശ്രമിക്കുക എന്നിവയും അനിവാര്യമാണ്.
കടത്തനാട് കളരി സംഘത്തെപ്പറ്റി ?
69 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുകയാണ്. 1949 ല്‍ രാഘവന് മാഷാണ് ഇത് ആരംഭിച്ചത് . അദ്ദേഹം തന്നെയായിരുന്നു കളരിയുടെ ഗുരുനാഥന്. തുടങ്ങിയ അതെ സ്ഥലത്തു തന്നെ ഇന്നും കടത്തനാട് കളരി സംഘം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. 60 വര്‍ഷം ഇത് മാഷ് നടത്തി .
9 വര്‍ഷമായി മാഷ് നമ്മെ വിട്ടുപോയിട്ട്. സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറില്‍ക്കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ഇവിടെ കളരി അഭ്യസിക്കുന്നു. വിദേശീയരും പഠിക്കാന്‍ വരുന്നുണ്ട്.എനിക്ക് തോന്നുന്നു നമ്മുടെ കുട്ടികളെക്കാള്‍ അവര്‍ക്കാണ് ഇതിനോട് താത്പര്യമെന്ന്. തികച്ചും സൗജന്യമായാണ് ഇവിടെ പരിശീലനം നല്‍കുന്നത്. ഉഴിച്ചില്‍ ചികത്സയ്ക്ക് മാത്രമേ പണം ഈടാക്കാറുണ്ട് . അല്ലാത്തപക്ഷം ഗുരുദക്ഷിണ മാത്രമേ വാങ്ങാറുള്ളു .
അവാര്‍ഡ് കിട്ടിയതിനു ശേഷം ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ?
വളരെ സന്തോഷം തോന്നി. പ്രതീക്ഷിക്കാത്ത കാര്യമല്ലേ കയ്യില്‍ കിട്ടിയത്.
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈയൊരു സാഹചര്യത്തില്‍ എന്ത് ഉപദേശമാണ് അവര്‍ക്ക് നല്‍കാനുള്ളത് ?
പഠനത്തിന്റെയും ജോലിയുടേയുമൊക്കെ ഭാഗമായി ഒറ്റയ്ക്കു യാത്രചെയേണ്ട സാഹചര്യം ഉണ്ടാവും. മാത്രമല്ല ജോലിസ്ഥലങ്ങളിലോ വാഹനങ്ങളിലോ എന്തിനു സ്വന്തം വീട്ടില്‍ പോലും അവര്‍ ഇന്ന് സുരക്ഷിതരല്ല. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ കളരി പഠിക്കേണ്ടത് അനിവാര്യമാണ്. കളരിയിലൂടെ മാനസികമായും ശാരീരികമായും അവര്‍ കരുത്തുള്ളവരാവും . ഇത് ഒരു പരിധിവരെ ആക്രമങ്ങളെ ചെറുക്കന് സഹായിക്കും .
കളരി പഠിക്കുകയെന്ന തീരുമാനത്തിനു പിന്നിലുള്ള പ്രചോദനം എന്തായിരുന്നു ?
അഞ്ചാം വയസില്‍ ഡാന്‍സ് പഠിക്കാനായിരുന്നു ആദ്യം പോയത്. നന്നായി ഡാന്‍സ് കളിക്കുന്നതുകൊണ്ട് അവിടെയുള്ള മാഷാണ് പറഞ്ഞത് ഇവിടെയടുത്തൊരു കളരിയുണ്ട് അവിടെ കൊണ്ടുപോയി പഠിപ്പിക്കണമെന്ന്. അതിനുശേഷം കുറച്ചുകാലം കളരിയും ഡാന്‍സും ഒരുമിച്ച് കൊണ്ടുപോയി. പിന്നെ ഡാന്‍സ് നിര്‍ത്തി കളരിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ശിഷ്യയില്‍ നിന്നും രാഘവന് ഗുരുക്കളുടെ ഭാര്യയിലേക്കുള്ള മാറ്റം എങ്ങനായിരുന്നു?
മാഷിന് എന്നോട് ഇഷ്ടം തോന്നി, എന്നാല്‍ പ്രണയ വിവാഹമെന്ന് പറയാന്‍ സാധിക്കില്ല. മാഷിനെപ്പറ്റി പറയുകയാണെങ്കില്‍ കളരി ഗുരുക്കള്‍ , സ്കൂള്‍ മാഷ്, അമ്പലം കമ്മിറ്റി സെക്രട്ടറി , നാട്ടുപ്രമാണി അങ്ങനെ എല്ലാ മേഖലയിലും അറിയപെടുന്നയാളായിരുന്നു. ഏഴാം വയസില്‍ മാഷിന് കീഴില്‍ കളരി പഠിക്കാന്‍ തുടങ്ങി. പത്തുവര്‍ഷം പരിശീലനം പതിനേഴാം വയസില്‍ വിവാഹം. ഞങ്ങള്‍ക്ക് നാലു കുട്ടികളാണ്. രണ്ടാണും രണ്ടു പെണ്ണും. അവരൊക്കെ ഈ മേഖലയില്‍ സജീവമാണ് .
Discussion about this post