സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ 170 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 148ാമത്. ജോര്‍ജ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍, പീസ് ആന്‍ഡ് സെക്യൂരിറ്റിയും ഓസ്ലോയിലെ ദി പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വുമണ്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഡക്സ് എന്നാണ് പട്ടികയുടെ പേര്.
ലോകത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളെക്കുറിച്ചാണ് പട്ടിക പറയുന്നത്. 2021-2022 കാലത്ത് ഈ രാജ്യങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം, നീതി ലഭ്യത, സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയാണ് പട്ടികയില്‍ രാജ്യങ്ങളുടെ സ്ഥാനം. ഇത് പ്രകാരം ഓരോ രാജ്യത്തിനും ഓരോ ദേശീയ സ്കോര്‍ നല്‍കിയിട്ടുണ്ട്.
0.922 സ്കോറുമായി സ്കാന്ഡിനേവിയന് രാജ്യമായ നോര്‍വേയാണ് ഒന്നാം സ്ഥാനത്ത്. 0.278 സ്കോറുമായി അഫ്ഗാനിസ്ഥാന് ഏറ്റവും ഒടുവിലും. യൂറോപ്യന്‍ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുമുള്ളത്. രണ്ടാം സ്ഥാനം ഫിന്‍ലന്‍ഡിനാണ്. 0.909 ആണ് ഫിന്‍ലന്‍ഡിന്റെ സ്കോര്‍. ഐസ്ലന്ഡ് (0.907), ഡെന്മാര്ക്ക് (0.903), ലക്സംബര്‍ഗ് (0.899) എന്നിവരാണ് യഥാവിധി മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
അഫ്ഗാനിസ്ഥാന്, സിറിയ, യെമന്‍, ഇറാഖ്, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഇവയെല്ലാം തന്നെ യുദ്ധം തകര്‍ത്ത രാജ്യങ്ങളാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം പിന്‍നിരയിലുണ്ടായിരുന്ന 121 രാജ്യങ്ങള്‍ തങ്ങളുടെ നില മെച്ചപ്പെടുത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്, ഹയ്തി, യെമന്‍ എന്നിവിടങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായെന്നും ഇന്‍ഡക്സ് പറയുന്നു.
Discussion about this post