കിന്‍ഷാസ : ആഭ്യന്തര യുദ്ധം രൂക്ഷമായ കോംഗോയിലെ സ്ത്രീകളുടെ അവസ്ഥ ഐക്യരാഷ്ട്രസംഘടനയോട് വിവരിച്ച് വനിതാക്ഷേമ പ്രവര്‍ത്തകര്‍. കോംഗോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് കോംഗോയിലെ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്മെന്റിന്റെ പ്രസിഡന്റ് ജൂലിയാന ലൂസന്ഗേ സ്ത്രീകളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
സര്‍ക്കാരും വിമതരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കേ സര്‍ക്കാരിനെതിരേ പൊരുതുന്ന സംഘടനകളിലൊന്നായ കൊഡെകോ തട്ടിക്കൊണ്ട്പോയ യുവതിയുടെ ദുരനുഭവമാണ് ജൂലിയാന പങ്ക് വച്ചത്. തന്റെ കുടുംബാംഗത്ത മോചിപ്പിക്കാന്‍ മോചനദ്രവ്യവുമായി പോയ യുവതിയെ ഭീകരര്‍ തടവിലാക്കുകയും ഉപദ്രവിക്കുകയും പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു തടവുകാരന്റെ കഴുത്ത് വെട്ടി കുടല് പുറത്തെടുത്ത് ഇത് പാകം ചെയ്യാന്‍ യുവതിയോടാവശ്യപ്പെട്ടു. വെള്ളം നിറച്ച രണ്ട് പാത്രങ്ങളിലാണ് ഇവര്‍ ശരീരം പാകം ചെയ്തത്. പിന്നീട് ഈ മാംസം ബാക്കിയുള്ള എല്ലാ തടവുകാരെയും കഴിപ്പിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ മോചിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങുംവഴി മറ്റൊരു ഭീകരസംഘം തട്ടിക്കൊണ്ട് പോയി. ഇവിടെയും ക്രൂരതകള്‍ തുടര്‍ന്നു. ഇവിടെ നിന്ന് രക്ഷപെട്ട യുവതി തന്നോടിത് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് ജൂലിയാന അറിയിച്ചിരിക്കുന്നത്.
കോംഗോയുടെ കിഴക്കൻ ഭാഗത്ത് ദീർഘകാലമായി പോരാടുന്ന നിരവധി സായുധ സായുധ സേനകളിൽ ഒന്നാണ് കൊഡെകോ (CODECO). സംഘർഷങ്ങളിൽ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Discussion about this post