ന്യൂഡല്‍ഹി : രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ 23കാരിക്ക് നേരെ മഷിയാക്രമണം. ശനിയാഴ്ച സൗത്ത് ഡല്‍ഹിയില്‍ വെച്ചാണ് യുവതി ആക്രമണത്തിനിരയായത്. രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിയ്‌ക്കെതിരെയായിരുന്നു യുവതിയുടെ പരാതി.
അമ്മയ്‌ക്കൊപ്പം നടന്ന് പോകുകയായിരുന്ന തന്റെ നേരെ രണ്ട് പുരുഷന്മാര്‍ മഷിയൊഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനെ അറിയിച്ചിരിക്കുന്നത്. കാളിന്ദി കുഞ്ജ് റോഡിന് സമീപം വെച്ച് ഇവര്‍ നീല നിറത്തിലുള്ള മഷിയെറിഞ്ഞ ശേഷം ഓടി രക്ഷപെട്ടു. യുവതിയെ എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടു പോയി പരിശോധനയ്ക്ക് വിധേയയാക്കി.
Ink Attack In Delhi On Woman Who Accused Rajasthan Minister's Son Of Rape https://t.co/OSrhyoRqAt pic.twitter.com/T0YAKWcrvd
— NDTV (@ndtv) June 12, 2022
കഴിഞ്ഞ വര്‍ഷം ജനുവരി 8നും ഏപ്രില്‍ 17നും ഇടയില്‍ മന്ത്രിയുടെ മകന്‍ തന്നെ പല തവണ ബലാത്സംഗം ചെയ്യുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാളുമായി യുവതി സൗഹൃദം സ്ഥാപിച്ചത്. രോഹിത് പല തവണ തന്നെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയില്‍ ചെയ്തതായും യുവതി ആരോപിക്കുന്നു.
രോഹിത് ഇന്നലെ ദില്ലിയിലെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പോലീസ് സംഘത്തിന് മുന്നില്‍ ഹാജരായിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം ജയ്പൂരിലെത്തിയിരുന്നെങ്കിലും വീട്ടില്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്നലെയാണ് ഹാജരാകുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.