ലഖ്നൗ : രാജ്യത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരതകള്‍ തുടര്‍ക്കഥയാകുന്നു. യുപിയിലെ ഹത്രസില്‍ 20കാരിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഹത്രസിലെ ചിന്താഗാര്ഹി ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
ആഗ്ര ജില്ലയിലെ ബര്‍ഹാം പോലീസ് സ്റ്റേഷന് പരിധിയിലെ നാഗ്ള വീര സ്വദേശിയായ പായല്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 2021 മെയ് 24നായിരുന്നു ഹത്രസ് സ്വദേശി അനില്‍ കുമാറുമായുള്ള പായലിന്റെ വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അനിലും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നു. മകളെ ജീവനോടെ തീ കൊളുത്തിയെന്ന വിവരമറിഞ്ഞ് ഉടന്‍ തന്നെ പായലിന്റെ പിതാവും ബന്ധുക്കളും ചിന്താഗാര്ഹിലേക്ക് പുറപ്പെട്ടെങ്കിലും അവിടെ വെച്ച് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായാണ് അറിയാന്‍ കഴിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.
മകളെ ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പായലിന്റെ പിതാവ് ഹരിലാല്‍ സിങ് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റവും പീഡനവുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post