‘ഹിന്ദു ജനസംഖ്യ കുറയ്ക്കും’: സോളോഗമിയ്‌ക്കൊരുങ്ങുന്ന യുവതിയ്‌ക്കെതിരെ ബിജെപി നേതാവ്

ന്യൂഡല്‍ഹി : പങ്കാളിയില്ലാതെ തന്നെത്തന്നെ വിവാഹം കഴിയ്‌ക്കൊനൊരുങ്ങുന്ന (സോളോഗമി) ഗുജറാത്ത് സ്വദേശിനി ക്ഷമാ ബിന്ദുവിനെതിരെ ബിജെപി നേതാവ് സുനിതാ ശുക്ല. ഇത്തരം കല്യാണങ്ങള്‍ ഹിന്ദുത്വത്തിനെതിരാണെന്നും ഇത് ഹിന്ദു ജനസംഖ്യ കുറയ്ക്കുമെന്നും അവര്‍ കുറ്റപ്പെടുത്തി.

“ഹിന്ദുയിസത്തിനെതിരായുള്ളതാണ് ഇത്തരം കല്യാണങ്ങളൊക്കെ. ഒരു ക്ഷേത്രത്തിലും പെണ്‍കുട്ടിയെ ഈ രീതിയില്‍ കല്യാണം കഴിയ്ക്കാന്‍ അനുവദിക്കില്ല. ഹിന്ദു ജനസംഖ്യ കുറയ്ക്കുന്ന നടപടിയാണിത്. മതത്തിനെതിരെ എന്ത് നടന്നാലും ഒരു നിയമവും നിലനില്‍ക്കില്ല”. അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് താന്‍ തന്നെത്തന്നെ വിവാഹം ചെയ്യാന്‍ പോകുന്നതായി അറിയിച്ച് ക്ഷമ വാര്‍ത്തകളിലിടം പിടിച്ചത്. ആരെക്കാളുമിഷ്ടം തന്നെ തന്നെയാണെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ക്ഷമ അറിയിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് സോളോഗമി നടക്കുന്നതെന്നാണ് ക്ഷമ കൂട്ടിച്ചേര്‍ക്കുന്നത്. ജൂണ്‍ 11നാണ് ക്ഷമയുടെ വിവാഹം.

എന്നാല്‍ സംഭവം വാര്‍ത്തയായതിന് തൊട്ടുപിന്നാലെ തന്നെ ക്ഷമയെ മനോരോഗി എന്ന് വിളിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് ലീഡര്‍ മിലിന്ദ് ഡിയോറ രംഗത്ത് വന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ഭ്രാന്തുള്ളവര്‍ ചെയ്യുന്നതാണെന്നും ഇത്തരം ഭ്രാന്തുകള്‍ ഇന്ത്യയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കാമെന്നുമായിരുന്നു മിലിന്ദിന്റെ പ്രസ്താവന. ഇന്ത്യയില്‍ സോളോഗമി നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ക്ഷമയുടെ വിവാഹം നിലനില്‍ക്കില്ലെന്ന് വാദിക്കുന്നവരും കുറവല്ല.

Exit mobile version