ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറിയ പെണ്‍കുട്ടി തിരിച്ച് പെണ്‍ശരീരത്തിലേക്ക് മടങ്ങുന്നു. ആലിയ ഇസ്മായില്‍ എന്ന ട്രാന്‍സ് പുരുഷനാണ് വീണ്ടും സ്ത്രീ സ്വത്വത്തിലേക്ക് മാറാനൊരുങ്ങുന്നത്.
പെണ് ശരീരത്തില്‍ ജനിച്ചെങ്കിലും തന്റെ ശരീരത്തില്‍ താന്‍ തൃപ്തയല്ല എന്ന് യുഎസിലെ മിഷിഗണ്‍ സ്വദേശിയായ ആലിയ തിരിച്ചറിയുന്നത് തന്റെ കൗമാരത്തിലാണ്. തുടര്‍ന്ന് 18ാമത്തെ വയസ്സില്‍ ആലിയ പുരുഷനിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു. 2015ല്‍ ഇസ്സ എന്ന പേര് സ്വീകരിച്ച ആലിയ 2016ല്‍ രണ്ട് തവണ മാസ്ടെക്ടമിക്ക് വിധേയയായി. ആറ് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ആണായെങ്കിലും പുരുഷ വ്യക്തിത്വം തന്റെ യഥാര്‍ഥ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന തിരിച്ചറിവില്‍ ഇസ്സ തിരികെ മടങ്ങാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
സ്ത്രീ ശരീരത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം ശക്തമായതോടെ 2021 ഫെബ്രുവരി മുതല്‍ ആലിയ പുരുഷ ഹോര്‍മോണ്‍ മരുന്നുകളുടെ ഉപയോഗം നിര്‍ത്തി. പഴയ പേര് തന്നെ ഉപയോഗിക്കാനും തുടങ്ങി. ഹോര്‍മോണ്‍ ഇന്‍ടേക്ക് മൂലം രോമവളര്‍ച്ച തുടങ്ങിയിരുന്നതിനാല്‍ ലേസര്‍ ട്രീറ്റ്മെന്റും ഈയടുത്ത് ചെയ്തു. മരുന്നുകള്‍ നിര്‍ത്തിയതോടെ ആലിയയുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ക്രമാതീതമായി കുറഞ്ഞെങ്കിലും ഈസ്ട്രജന് ലെവല്‍ അതേപടി തുടര്‍ന്നു.
ഇത്രയൊക്കെ സഹിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് ആലിയ പറയുന്നത്. പുരുഷനായി മാറാനുള്ള ശസ്ത്രക്രിയ നടത്തിയതിലോ ഹോര്‍മോണുകള്‍ എടുത്തതിലോ ദുഖിക്കുന്നില്ലെന്നും സ്വയം തിരിച്ചറിയാനുള്ള ജീവിതത്തിലെ സുപ്രധാന സമയമായിരുന്നു അതെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
“ഞാനിന്ന് ആരാണോ ആ ആളെ കണ്ടെത്താന്‍ എന്നെ സഹായിച്ച സമയമാണ് കഴിഞ്ഞു പോയത്. ശസ്ത്രക്രിയ നടത്തിയതിലോ ഹോര്‍മോണുകള്‍ എടുത്തതിലോ ഒരു കുറ്റബോധവും തോന്നുന്നില്ല. ഓരോ ഘട്ടവും നന്നായി തന്നെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഉണ്ടെന്ന് വീട്ടുകാര്ക്കുറപ്പായിരുന്നു. എന്റെ ഓരോ തീരുമാനത്തിലും നിഷ്പക്ഷമായ നിലപാടാണവര്‍ സ്വീകരിച്ചത്. ഞാന്‍ എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തിയതില്‍ അവര്ക്കഭിമാനമുണ്ട്. സ്വവര്‍ഗാനുരാഗിയായി പുറത്തിറങ്ങിയ സമയത്തും കുടുംബം പൂര്‍ണ പിന്തുണ തന്നിട്ടുണ്ട്”. ആലിയ പറഞ്ഞു.
ശസ്ത്രക്രിയയെ കുറിച്ചും ലിംഗമാറ്റത്തെക്കുറിച്ചുമെല്ലാം തുറന്ന് പറയാറുണ്ട് ആലിയ. തന്നെപ്പോലെയുള്ളവര്‍ക്ക് എല്ലാ സഹായവും പിന്തുണയും ഏര്‍പ്പാടാക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നാണ് ആലിയ പറയുന്നത്.
Discussion about this post