‘അഫ്ഗാനില്‍ സ്ത്രീകള്‍ ലൈസന്‍സെടുക്കേണ്ട’ : പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍. തനിയെ യാത്ര ചെയ്യാനും പുറത്തിറങ്ങി ജോലി ചെയ്യാനുമുള്ള അവകാശങ്ങളടക്കം നിര്‍ത്തലാക്കിയതിന് പുറമേയാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ട എന്ന താലിബാന്റെ പുതിയ തീരുമാനം.

താലിബാന്‍ ഭരണമേറ്റെടുക്കുന്നതിന് മുമ്പ് കാബൂള്‍ ഉള്‍പ്പടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ താലിബാന്‍ അധികാരത്തിലേറിയതോടെ വീട്ടില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് അഫ്ഗാനിലെ സ്ത്രീസമൂഹം. സ്ത്രീകള്‍ പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള എല്ലാ അവസരങ്ങളും ഒന്നൊന്നായി ഇല്ലാതാക്കുകയാണ് താലിബാന്‍.

ഭരണത്തിലേറിയാല്‍ മുമ്പത്തേപ്പാലെ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയില്ലെന്നാണ് സംഘടന അറിയിച്ചിരുന്നതെങ്കിലും അധികാരം കൈപ്പറ്റിയ ശേഷം പുറത്തിറക്കിയ ആദ്യ നിയമങ്ങളിലൊന്ന് ഓഫീസുകളില്‍ സ്ത്രീകള്‍ ജോലിക്കെത്തേണ്ടതില്ല എന്നതായിരുന്നു.

ഇതിന് പിന്നാലെ സ്ത്രീകള്‍ ദീര്‍ഘദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്നും, കുടുംബത്തിലെ പുരുഷാംഗങ്ങള്‍ കൂടെയില്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും, തല മുതല്‍ ഉള്ളംകാല്‍ വരെ മറയുന്ന രീതിയില്‍ വസ്ത്രം ചെയ്യണമെന്നും, ഗ്രേഡ് ആറിന് മുകളില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല എന്നുമൊക്കെ ഒന്നിനു പുറകേ ഒന്നായി നിയമങ്ങളെത്തി. നിലവില്‍ സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍.

വേറൊരു വസ്തുതയുള്ളത് രാജ്യത്ത് ഭക്ഷ്യക്ഷാമവും അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും മൂര്‍ധന്യാവസ്ഥയിലെത്തിയ സമയത്താണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിച്ചു കൊണ്ടുള്ള താലിബാന്റെ ഉത്തരവ് എന്നതാണ്. നിലവില്‍ 23 ദശലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് പട്ടിണി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആക ജനസംഖ്യയുടെ 95 ശതമാനം വരുമിത്.

Exit mobile version