കീവ് : ഉക്രയ്‌നില്‍ റഷ്യ നടത്തുന്ന ക്രൂരതകളുടെ നടുക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പിടിച്ചെടുക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയുമൊക്കെ റഷ്യന്‍ സൈനികര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുകയാണെന്ന് ഇതിനോടകം തന്നെ നിരവധി റിപ്പോര്‍ട്ടുകളെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ പട്ടാളക്കാരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഉക്രെയ്ന്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ മുടി മുറിച്ച് കളയുന്നുവെന്ന വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ കീവില്‍ നിന്ന് അമ്പത് മൈല്‍ അകലെയുള്ള ഇവാന്‍കിവില്‍ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ആകര്‍ഷണം കുറയ്ക്കാന്‍ മുടി മുറിക്കുന്നതായി സ്ഥലത്തെ ഡെപ്യൂട്ടി മേയര്‍ മറീന ബെഷാസ്റ്റ്‌ന അറിയിച്ചിട്ടുണ്ട്. സമീപത്തെ ഒരു ഗ്രാമത്തില്‍ 15ഉം 16ഉം വയസ്സ് മാത്രമുള്ള രണ്ട് സഹോദരിമാരെ റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്ത സംഭവത്തെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു മേയറുടെ വെളിപ്പെടുത്തല്‍.
സൈനികര്‍ മുടിയില്‍ പിടിച്ച് വലിച്ചാണ് സ്ത്രീകളെ മുറികളില്‍ നിന്ന് പുറത്തെത്തിക്കുന്നതെന്നും ഇങ്ങനെ പിടികൂടുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂര ബലാത്സംഗങ്ങള്‍ക്കിരയാക്കുമെന്നും അവര്‍ ഐടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇവാന്‍കിവിന് സമീപം ഒരു പ്രദേശത്ത് ഭര്‍ത്താവ് മരിച്ച് നിമിഷങ്ങള്‍ക്കകം റഷ്യന്‍ പട്ടാളക്കാര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. നാല് വയസുകാരനായ മകന്‍ തൊട്ടടുത്ത മുറിയിലിരുന്ന് കരയുമ്പോളായിരുന്നു പീഡനം. പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ കുട്ടികളോട് പോലും അപമര്യാദയായാണ് സൈനികരുടെ പെരുമാറ്റം. കുട്ടികളെ സൈനികര്‍ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത ‘ദി ഗാര്‍ഡിയന്‍’ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തികച്ചും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് റഷ്യന്‍ സൈനികരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ മിക്കതും കൈ പുറകോട്ട് കെട്ടിവച്ച നിലയിലായിരുന്നു. തലസ്ഥാനമായ കീവിന് സമീപമുള്ള ബൂച്ചയില്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിനാളുകളെ കൊന്ന് കുഴിച്ച് മൂടിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. കുട്ടികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ബൂച്ചയിലെ കൂട്ടക്കൊലപാതകത്തെത്തുടര്‍ന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ കഴിഞ്ഞ ദിവസം റഷ്യയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഉക്രെയ്‌നില്‍ നിന്ന് റഷ്യന്‍ സൈനികരുടെ ക്രൂരതകള്‍ വിവരിച്ച് വീണ്ടും റിപ്പോര്‍ട്ടുകളെത്തിയിരിക്കുന്നത്.
Discussion about this post