ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴെന്ന് സുപ്രീം കോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവിന്റെ ശിക്ഷ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന.
“ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് അതായത് മരുമകളോട് ക്രൂരമായി പെരുമാറി കുറ്റകൃത്യം ചെയ്യുമ്പോള്‍ അത് ഗുരുതരമായ തെറ്റാകുന്നു. ഭര്‍തൃമാതാവ് മരുമകളെ സംരക്ഷിക്കുന്നില്ലെങ്കില്‍ മരുമകള്‍ കൂടുതല്‍ ദുര്‍ബലയാവുകയാണ് ചെയ്യുന്നത്.” കോടതി പറഞ്ഞു.
പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും ഭര്‍തൃപിതാവിനും എതിരെ പരാതി സമര്‍പ്പിച്ചത്. സ്വര്‍ണത്തിന്റെ പേരില്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയെന്നും ഇത് മൂലം മകള്‍ ആത്മഹത്യ ചെയ്തെന്നുമായിരുന്നു പരാതി.
ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ ഭര്‍തൃ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന യുവതിയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നും എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് കൂടാതെ കേസില്‍ അപ്പീലുകാരോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നും മതിയായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും കോടതി പ്രസ്താവിച്ചു.
എംആര്‍ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. ഐപിസി 498a പ്രകാരം മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച സ്ത്രീയുടെ അപ്പീലിന്മേല് വിധി പറയുകയായിരുന്നു കോടതി. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സംരക്ഷിക്കാതെ ഇരിക്കുമ്പോള്‍ ഇരയാക്കപ്പെടുന്നയാള്‍ കൂടുതല്‍ ദുര്ബലയാകുമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
ഐപിസി 498a പ്രകാരം കേസില്‍ ഒരു വര്‍ഷം തടവും ആയിരം രൂപയും പിഴയും ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഐപിസി 306 പ്രകാരം രണ്ടായിരം രൂപ പിഴയും കോടതി വിധിച്ചു. എന്നാല്‍ ഭര്‍തൃമാതാവിന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വരുത്താനും കോടതി തയ്യാറായി.
സംഭവം നടക്കുന്ന 2006ല്‍ എണ്‍പത് വയസ്സുകാരിയായിരുന്നു ഭര്‍തൃമാതാവ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശിക്ഷ ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് മാസം കഠിനതടവും വിചാരണക്കോടതി ചുമത്തിയ പിഴയും നല്‍കണമെന്ന് കോടതി വിധിച്ചു.
Discussion about this post