സോള്‍ : പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചതിന് ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. സോള്‍ മില്‍ക്ക് എന്ന സ്ഥാപനമാണ് 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചിരിക്കുന്നത്.
ഒരു പുഴയുടെ തീരത്ത് കൂടി ക്യാമറയുമായി നടക്കുന്ന ആളെയാണ് പരസ്യത്തില്‍ ആദ്യം താണാനാവുക. നടത്തത്തിനിടെ വെളുത്ത വസ്ത്രമണിഞ്ഞ ഒരു കൂട്ടം സ്ത്രീകള്‍ യോഗ ചെയ്യുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഇയാള്‍ കാണുന്നു.രഹസ്യമായി സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഇയാള്‍ സ്ത്രീകളുടെ കണ്ണില്‍ പെടുകയും പൊടുന്നനെ എല്ലാ സ്ത്രീകളും പശുക്കളായി മാറുകയും ചെയ്യുന്നതാണ് പരസ്യം.
സംഭവം വിവാദമായതോടെ തങ്ങളുടെ ഉത്പന്നങ്ങളില്‍ കൃത്രിമമില്ലെന്ന് കാട്ടുക മാത്രമാണ് പരസ്യത്തിലൂടെ ഉദ്ദേശിച്ചതെന്നറിയിച്ച് സോള്‍ മില്‍ക്ക് രംഗത്തെത്തി. വലിയ തോതില്‍ പ്രതിഷേധങ്ങളുയര്‍ന്നതോടെ കമ്പനി പരസ്യം പിന്‍വലിക്കുകയും സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പരസ്യം വൈറലായിരുന്നു.
സ്ത്രീകളെ മോശമായി കാണിച്ചു എന്നതിന് പുറമേ അനുവാദമില്ലാതെ എങ്ങനെയാണ് ഒരാളുടെ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാനാവുക എന്ന തരത്തിലുള്ള ചര്‍ച്ചകളും പരസ്യത്തെത്തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ഇതാദ്യമായല്ല വിവാദ പരസ്യത്തിലൂടെ സോള്‍ മില്‍ക്ക് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 2003ല്‍ പുതിയ ഉത്പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോയില്‍ നഗ്നരായ സ്ത്രീകള്‍ തൈര് ദേഹത്ത് തേക്കുന്നതായാണ് കമ്പനി ചിത്രീകരിച്ചത്.