ന്യൂഡല്‍ഹി : സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും.2020 സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മോഡി നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭായോഗമാണ് നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് നടപടി. ഇക്കാര്യങ്ങളില്‍ മെച്ചപ്പെടുത്തല്‍ കൊണ്ടുവരുന്നതിന് വേണ്ടുന്ന കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.
പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രായപരിധി ഉയര്‍ത്താന്‍ ബാല വിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. ഒപ്പം ചില വ്യക്തനിയമങ്ങളിലും ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയേക്കും.
വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പതിനാറോളം സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരുന്നു അന്തിമ തീരുമാനം.