സിഡ്‌നി : ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് സ്ത്രീകളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവണ്‍മെന്റ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷനിലെ സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മിഷണര്‍ കൈറ്റ് ജെന്‍കിന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റേതാണ് റിപ്പോര്‍ട്ട്. ഏഴ് മാസത്തെ പഠനശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രാജ്യത്തെ 63 ശതമാനം വനിത പാര്‍ലമെന്റേറിയന്‍മാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 24 ശതമാനം പുരുഷ പാര്‍ലമെന്റേറിയന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് ജീവനക്കാരിയായിരുന്ന ബ്രിട്ടനി ഹിഗ്ഗിന്‍സ് 2019ല്‍ ഒരു മന്ത്രിയുടെ ഓഫീസില്‍ ലിബറല്‍ പാര്‍ട്ടി സഹപ്രവര്‍ത്തകരാല്‍ പീഡിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മിഷനെ നിയമിച്ചത്. താന്‍ ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന ഇവരുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
വനിതാജീവനക്കാരില്‍ പലരും തങ്ങളുടെ താല്പര്യമില്ലാതെ ചുംബിക്കപ്പെട്ടും എടുത്തുയര്‍ത്തപ്പെട്ടും പല തരത്തില്‍ തൊഴിലിടങ്ങളില്‍ പുരുഷാധിപത്യം അനുഭവിക്കേണ്ടി വന്നു. രാജ്യത്ത് ശരാശരി 39 ശതമാനം സ്ത്രീകളാണ് പീഡനം അനുഭവിക്കുന്നത്. പാര്‍ലമെന്റിലെ ശരാശരി ഇതിനേക്കാള്‍ കൂടുതലാണ്. എല്‍ജിബിടി വിഭാഗത്തിലുള്ളവരും പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന 1700 പേരില്‍ 51 ശതമാനം പേരും ഇത്തരം ചൂഷണങ്ങള്‍ക്കിരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തൊഴിലിടങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കല്‍, മദ്യം, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതടക്കം 28 നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. വോട്ട് ചെയ്യാനടക്കം മദ്യപിച്ചെത്തുന്നതും ലഹരി ഉപയോഗവും പ്രധാന പ്രശ്‌നങ്ങളായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.