കാബൂള്‍ : സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ കണ്ണില്ലാത്ത ക്രൂരത വീണ്ടും. അഫ്ഗാനിസ്ഥാന്റെ ദേശീയ വോളിബോള്‍ ടീം അംഗമായിരുന്ന വനിതാ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു. കാബൂള്‍ മുന്‍സിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ അംഗമായിരുന്ന മഹ്ജാബീന്‍ ഹക്കിമി ആണ് കൊല്ലപ്പെട്ടത്.
താരത്തിന്റെ കൊലപാതകം പരിശീലകരില്‍ ഒരാള്‍ സ്ഥീരീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹം സ്വന്തം പേര് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മഹ്ജാബ്ബീന്റെ കുടുംബത്തിന് മാത്രമാണ് അറിയാവുന്നതെന്നും സംഭവത്തെക്കുറിച്ച് പറയരുതെന്ന് താലിബാന്റെ ഭീഷണിയുണ്ടായിരുന്നതിനാലുമാണ് വിവരം പുറത്തുപറയാന്‍ വൈകിയതെന്നും ഇദ്ദേഹം വ്യക്തമാക്കി.
Last night, the #Taliban beheaded Mahjabeen Hakimi, a former member of the Afghan women’s volleyball team.
My heart aches for the women of #Afghanistan pic.twitter.com/Io6w8b7PSj
— Emily Schrader – אמילי שריידר (@emilykschrader) October 20, 2021
ഗനി സര്‍ക്കാരിന്റെ സമയത്ത് ക്ലബ്ബിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു മഹ്ജാബീന്‍. തലയറുക്കപ്പെട്ട നിലയില്‍ താരത്തിന്റേതെന്ന് കരുതുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്‍ കൊലപാതകം സ്ഥിരീകരിച്ചത്. താലിബാന് എതിര്‍പ്പുള്ള ഹസാര വിഭാഗത്തില്‍പ്പെട്ട താരമായിരുന്നു മഹ്ജാബീന്‍ എന്നാണ് വിവരം.
ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിക്കുന്നതിന് മുമ്പ് അഫ്ഗാന്‍ വോളിബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രാജ്യത്ത് നിന്ന് രക്ഷപെടാന്‍ സാധിച്ചത്. അഫ്ഗാനില്‍ കുടുങ്ങിപ്പോയവരുടെ കൂട്ടത്തിലായിരുന്നു മഹ്ജാബീന്‍. അഫ്ഗാനില്‍ കുടുങ്ങിയ നൂറോളം വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഫിഫയും ഖത്തര്‍ സര്‍ക്കാരും കഴിഞ്ഞയാഴ്ച രക്ഷപെടുത്തിയിരുന്നു. താരങ്ങളെ അവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് ഇവര്‍ രക്ഷപെടുത്തിയത്.
ഭരണമേറ്റതുമുതല്‍ സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്ന് സ്ത്രീകളെ താലിബാന്‍ പാടേ തുടച്ചുനീക്കുകയാണ്. മത്സരങ്ങളില്‍ നിന്നുമുള്ള വിലക്കുകള്‍ക്ക് പുറമെ വനിതാ താരങ്ങളെ തിരഞ്ഞു പിടിച്ച് വധിക്കുന്നതും താലിബാന്റെ ക്രൂര വിനോദങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഗനി സര്‍ക്കാരിന്റെ കാലത്ത് വിദേശത്തും സ്വദേശത്തുമായി ടൂര്‍ണമെന്റുകളില്‍ കളിക്കുകയും ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത വോളിബോള്‍ താരങ്ങള്‍ക്കായി താലിബാന്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.