“ലൈംഗികാതിക്രമം നടന്നത് പതിനൊന്ന് മിനിറ്റ് മാത്രം” : പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി ജഡ്ജി, സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്‍ പ്രതിഷേധം

Rape | Bignewslive

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ് ): പീഡനക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി വിധിക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിഷേധം ശക്തം. പീഡനം പതിനൊന്ന് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വെട്ടിച്ചുരുക്കിയത്.

33കാരനായ പോര്‍ച്ചുഗല്‍ സ്വദേശിയുടെ ശിക്ഷയിലാണ് കോടതിയിലെ വനിതാജഡ്ജി ഇളവ് നല്‍കിയത്. പ്രതി 51 മാസം അനുഭവിക്കേണ്ടിയിരുന്ന ശിക്ഷ 36 മാസമാക്കി ജസ്റ്റിസ് ലിസെലോട്ട് ഹെന്‍സ് വെട്ടിച്ചുരുക്കുകയായിരുന്നു. ഇതിനുപുറമേ യുവതിയുടെ ഭാഗത്ത് നിന്ന് സംഭവം നടക്കുന്നതിന് മുമ്പ് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സൂചനകള്‍ ഉണ്ടായെന്നും ശിക്ഷയില്‍ ഇളവ് നല്‍കിക്കൊണ്ട് നടത്തിയ പ്രസ്താവനയില്‍ ജസ്റ്റിസ് ലിസലോട്ട് പറഞ്ഞിരുന്നു. യുവതിക്ക് ശരീരത്തില്‍ കാര്യമായ മുറിവുകള്‍ ഉണ്ടായില്ല എന്നതും കാരണമായി ജഡ്ജി ചൂണ്ടിക്കാട്ടി.

പ്രതിയുടെ ശിക്ഷയില്‍ ഇളവ് അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി നൂുറ് കണക്കിനാളുകളാണ് കോടതി മുറ്റത്ത് തടിച്ചുകൂടിയത്. 11 മിനിറ്റ് നേരം കൈകള്‍ തലയ്ക്ക് മുകളില്‍ ബന്ധിച്ച നിലയില്‍ പിടിച്ച് മൗനമാചരിച്ചാണ് ജനക്കൂട്ടം പ്രതിഷേധം പ്രകടിപ്പിച്ചത്. 11 മിനിറ്റ് എന്നത് നിസ്സാര സമയമല്ല എന്നും ചുരുങ്ങിയ സമയത്തേക്ക് മാത്രം നടന്ന പീഡനം എന്ന പ്രയോഗത്തിലൂടെ കോടതിയാണ് തെറ്റായ സന്ദേശം നല്‍കുന്നതെന്നും എഴുതിയ ബാനറുകളും അവര്‍ ഉയര്‍ത്തിക്കാട്ടി. വിധിക്കെതിരെ രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

പുതുക്കിയ വിധിയില്‍ അങ്ങേയറ്റം അതൃപ്തി ഉള്ളതായി യുവതിയുടെ അഭിഭാഷകര്‍ അറിയിച്ചു. യുവതിയുടെ ജീവിത പശ്ചാത്തലം എന്ത് തന്നെയായിരുന്നാലും എതിര്‍പ്പ് വകവയ്ക്കാതെ ശാരീരികമായി ഉപദ്രവിച്ചത് പീഡനം തന്നെയാണ് എന്നും കോടതി വിധി അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിച്ചുവെന്നും അഭിഭാഷകര്‍ പറഞ്ഞു.

ബേസല്‍ നഗരത്തിലെ തന്റെ ഫ്‌ളാറ്റിന് സമീപത്ത് വെച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ പോര്‍ച്ചുഗല്‍ സ്വദേശികളായ രണ്ട് പേരാണ് പ്രതിപ്പട്ടികയില്‍. ഇതിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. പതിനേഴുകാരനായ ഇയാളുടെ ശിക്ഷ സംബന്ധിച്ച് ജുവനൈല്‍ കോടതി ഇതുവരെ വിധി പ്രസ്താവിച്ചിട്ടില്ല. ശിക്ഷ വെട്ടിക്കുറച്ചതിനാല്‍ മുഖ്യ പ്രതിയെ ബുധനാഴ്ച വിട്ടയച്ചേക്കും എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version