ന്യൂയോര്‍ക്ക് : മുസ്ലിങ്ങള്‍ക്കായി ചൈന നിര്‍മിച്ച രഹസ്യ തടങ്കല്‍ പാളയങ്ങളെ (ഡിറ്റന്‍ഷന്‍ ക്യാമ്പ്) കുറിച്ച് ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിസ്റ്റര്‍ പുരസ്കാരം.
ചൈനയുടെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ആയിരക്കണക്കിന് ഉയ്ഗുര് മുസ്ലിങ്ങളെ 2017ല്‍ ചൈന തടവിലാക്കിയതിന് ശേഷം മേഘ ഇത്തരം തടങ്കല്പാളയങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. തടങ്കല്ക്യാമ്പുകള് നിലനില്ക്കുന്നില്ല എന്ന ചൈനയുടെ നിരന്തര വാദത്തെ പിന്തള്ളി മേഘ ക്യാമ്പുകളിലൊന്നില്‍ എത്തുകയും തടവില്‍ കഴിയുന്നവരുടെ അനുഭവകഥകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്തു.
എവിടെയാണ് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനായി ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. തുടര്‍ന്ന് 260 തടങ്കല്‍ പാളയങ്ങള്‍ കണ്ടെത്തുകയായിരുന്നു. പതിനായിരം പേരെ വരെ പാര്‍പ്പിക്കാന്‍ കഴിയുന്ന കെട്ടിടങ്ങളായിരുന്നു ഇവയില്‍ ചിലത്.
ഇതേത്തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ മേഘയുടെ പാസ്സ്പോര്‍ട്ട് അസാധുവാക്കുകയും രാജ്യത്ത് പ്രവേശിക്കുന്നതിനല് നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഷിന്‍ജിയാങ് കൂടാതെ കസഖിസ്ഥാനിലെ തടങ്കല്‍പാളയവും സന്ദര്‍ശിച്ചാണ് മേഘ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അമേരിക്കയിലെ പ്രശസ്ത വാര്‍ത്താ കമ്പനിയായ ബസ്സ്ഫീഡ് ന്യൂസിലെ ജേണലിസ്റ്റാണ് മേഘ. ഇന്ത്യന്‍ വംശജ തന്നെയായ നീല്‍ ബേദിയ്ക്കാണ് ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം.
Discussion about this post