എല്‍ സാല്‍വഡോര്‍ (ലാറ്റിന്‍ അമേരിക്ക) : അബോര്ഷന് നടത്തി എന്നാരോപിച്ച് ജയിലിലടച്ച യുവതിക്ക് ഒമ്പത് വര്‍ഷത്തിനിപ്പുറം മോചനം. അബോര്ഷന് ഇപ്പോഴും കുറ്റകരമായി കണക്കാക്കപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോര്‍ സ്വദേശിനി സാറ റോജല്‍ ആണ് ജയില്‍മോചിതയായത്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുപ്പത് വര്‍ഷത്തെ ജയില്‍വാസത്തിന് സാറയ്ക്ക് കോടതി ശിക്ഷ വിധിക്കുന്നത്. ഇരുപതാം വയസ്സില്‍ പടിക്കെട്ടില്‍ നിന്ന് താഴെ വീണ് ഗര്‍ഭം അലസിയതായിരുന്നു കാരണം. തുണിയലക്കുന്നതിനിടെയില് തെന്നി വീണ സാറയെ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വീഴ്ചയില്‍ കുട്ടി മരിച്ചതിനെത്തുടര്‍ന്ന് അബോര്ഷന് നടത്തിയെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ആരോപിച്ച് സാറയെ ജയിലിലടയ്ക്കാന്‍ വിധിക്കുകയായിരുന്നു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊന്നായ എല്‍ സാല്വഡോറില് കഠിന ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിലൊന്നാണ് അബോര്ഷന്.
അമ്മമാരുടെ ജീവന് ഭീഷണിയാകുന്നതോ റേപ്പിലൂടെയുള്ളതോ ആയ ഗര്‍ഭം പോലും ഇവിടെ അബോര്‍ട്ട് ചെയ്യാനാവില്ല. കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി നിരവധി സ്ത്രീകളെയാണ് ഗര്‍ഭം അലസിയതിന്റെ പേരില്‍ ജയിലിലടച്ചിട്ടുള്ളത്. ജനിക്കുന്ന കുഞ്ഞുങ്ങള്‍ ചാപിള്ളയാണെങ്കിലും അമ്മമാര്‍ ജയില്‍വാസം അനുഭവിക്കണം. എല്‍ സാല്‍വഡോര്‍ കൂടാതെ ഹൈതി, ഹോണ്ടൂറാസ്,നികാറാഗുവ തുടങ്ങിയ രാജ്യങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
സാറയുടെ മാനസികനില കണക്കിലെടുത്ത് വീട്ടിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് ഉള്‍പ്പടെ അന്ന് രംഗത്തെത്തിയിരുന്നെങ്കിലും കോടതി വഴങ്ങിയില്ല.പഠിച്ചുകൊണ്ടിരിക്കേയായിരുന്നു സാറ ഗര്‍ഭിണി ആവുന്നതും ജയിലിലടയ്ക്കപ്പെടുന്നതും. അത്രയും ചെറു പ്രായത്തില്‍ അത്തരമൊരു മാനസികാവസ്ഥയിലൂടെ സാറയ്ക്ക് കടന്നുപോകേണ്ടിവന്നതില് സങ്കടമുണ്ടെന്ന് ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു. തികച്ചും അനാവശ്യമായ ശിക്ഷയായിരുന്നു സാറയുടേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post