ചണ്ഡീഗഢ് : വിവാഹേതര ബന്ധം സ്ത്രീക്ക് കുട്ടിയുടെ സംരക്ഷണം നിഷേധിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ സര്‍വസാധാരണമാണെന്നും ഇവയൊക്കെയും പലപ്പോഴും അടിസ്ഥാനരഹിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയന്‍ പൗരനായ ഭര്‍ത്താവില്‍ നിന്ന് നാലര വയസ്സുള്ള മകളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയില്‍ നിന്നുള്ള സ്ത്രീ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കുഞ്ഞിനെ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മാതാവിന് കൈമാറണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനുപിന്ദര്‍ സിംഗ് നിര്‍ദേശിച്ചു.യുവതിക്ക് ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം മാറ്റി നിര്‍ത്തിയാല്‍ കുട്ടിയുടെ കസ്റ്റഡി മാതാവിന് നല്‍കാതിരിക്കാനുള്ള കാരണങ്ങളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലാണെങ്കിലും അല്ലെങ്കിലും അങ്ങനെ കരുതിയാലും കുട്ടിയുടെ കസ്റ്റഡി നിഷേധിക്കാനോ അവര്‍ ഒരു നല്ല മാതാവല്ലെന്ന് പറയാനോ കഴിയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.”വളര്‍ച്ചയുടെ സമയത്ത് കുട്ടിക്ക് അമ്മയുടെ സ്‌നേഹവും കരുതലും പിന്തുണയും മാര്‍ഗനിര്‍ദേശവുമെല്ലാം ആവശ്യമാണ്. 1956ലെ ഹിന്ദു ന്യൂനപക്ഷ-രക്ഷാകര്‍തൃ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം അഞ്ച് വയസ് വരെ കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരിയാണ് അമ്മ.” കോടതി ചൂണ്ടിക്കാട്ടി.
2013ലാണ് ദമ്പതികള്‍ വിവാഹിതരാകുന്നത്. വിവാഹശേഷം ഓസ്‌ട്രേലിയയ്ക്ക് പോയ ദമ്പതികള്‍ക്ക് 2017ല്‍ മകള്‍ ജനിച്ചു.പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. 2020ല്‍ നാട്ടിലെത്തിയേഷം ഭര്‍ത്താവ് മകളെ കൂട്ടിക്കൊണ്ടുപോയതായും യുവതി ഹര്‍ജിയില്‍ പറയുന്നു.ഒന്നരവര്‍ഷമായി കുഞ്ഞ് അച്ഛനൊപ്പമാണ് താമസം.
Discussion about this post