ചെന്നൈ : വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയില്‍ അണ്ണാ ഡിഎംകെ നോതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണികണ്ഠനെ അടുത്ത ദിവസം ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതിനുമുള്പ്പടെയാണ് ചെന്നൈ അടയാര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല് അഞ്ച് വര്‍ഷത്തോളം ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നു.പിന്നീട് നടി ഗര്‍ഭിണിയായപ്പോള്‍ മന്ത്രിപദത്തിന് ദോഷമാണെന്ന് വിശ്വസിപ്പിച്ച് നടിയുടെ സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ളിനിക്കിലെത്തിച്ച് ഗര്‍ഭം അലസിപ്പിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. പീഡനം, ഭീഷണിപ്പെടുത്തല്‍,വഞ്ചന,ക്രിമിനല്‍ ഗൂഢാലോചന, ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി എട്ട് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടി വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.എന്നാല്‍ നടിയെ അറിയില്ലെന്ന നിലപാടിലാണ് മണികണ്ഠന്. തന്നെ കുടുക്കി പണം തട്ടാനുള്ള ശ്രമമാണ് നടി നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം മണികണ്ഠന് ആരോപിച്ചിരുന്നു.എടപ്പാടി പളനിസാമിയുടെ മന്ത്രിസഭയില്‍ ഐടി മന്ത്രിയായിരുന്ന മണികണ്ഠനെ അദ്ദേഹവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Discussion about this post