ക്യൂന്‍സ്‌ലാന്‍ഡ്: കഴിഞ്ഞ ബുധനാഴ്ച ക്യൂന്‍സ്‌ലാന്‍ഡില്‍ ഉച്ചയ്ക്കു ശേഷം 3 മണിക്ക് പ്രദേശത്തു ശക്തമായ ചുഴലിക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ഈ സമയത്ത് വീശിയടിച്ച കാറ്റിനെയും മഞ്ഞുവീഴ്ചയെയും വകവെക്കാതെ മുത്തശ്ശിക്കും മകള്‍ക്കുമൊപ്പം കാറില്‍ ഡ്രൈവ് ചെയ്തുപോകുകയായിരുന്നു ഫിയോണ. അപ്രതീക്ഷിതമായാണ് കാറിന്റെ ജനലിലൂടെ മഞ്ഞ് അതിശക്തമായി അകത്തേക്ക് പതിച്ചത്. മുന്നോട്ട് ഒരിഞ്ച് നീങ്ങാനാകാത്ത വിധം നടുറോഡില്‍ അവര്‍ അകപ്പെട്ടുപോയി.
കുഞ്ഞിന്റെ നേര്‍ക്കു കാറ്റും മഞ്ഞുകട്ടകളും വരുന്നതു കണ്ട ഫിയോണ തന്റെ ശരീരം കൊണ്ട് മകളെ പൊതിഞ്ഞുപിടിച്ചു. കാറ്റ് പോയപ്പോള്‍ ഫിയോണയുടെ ശരീരത്തില്‍ ചതവുകളും മുറിവുകളും പറ്റിയിരുന്നു. മകളെ രക്ഷിക്കാനായെങ്കിലും ഫിയോണക്ക് അതിഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഫിയോണക്കും കുഞ്ഞിനും മുത്തശ്ശിക്കും ജീവന്‍ തിരിച്ചു കിട്ടിയത് അത്ഭുതകരമായ കാര്യമാണ്.
ഇവിടെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടുകളും കൃഷിയിടങ്ങളും തകര്‍ന്നു. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കുരകള്‍ തകരുകയും പലതും കാറ്റത്ത് പറന്നു പോകുകയും ചെയ്തു. വന്‍മരങ്ങള്‍ വഴിയിലേയ്ക്ക് കടപുഴകി വാഹനങ്ങളുടെ മുകളില്‍ പതിക്കുകയും ഗതാഗത തടസം ഉണ്ടാവുകയും ചെയ്തിരുന്നു.