പരസ്യം പാരയാകുമ്പോള്‍

- ഫേവര്‍ ഫ്രാന്‍സിസ് പരസ്യമെഴുത്തിന്റെ കൂടെ സീരിയല്‍ എഴുത്തിലും കൈ വച്ചിരിക്കുന്നു എന്ന ഒരേ ഒരു കാരണം കൊണ്ട് കുറച്ചു കാലമായി ചില സീരിയല്‍ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ശ്രമിക്കാറുണ്ട്. വര്‍ഷങ്ങളോളം കരഞ്ഞു തീര്‍ത്തിട്ടും എങ്ങുമെത്താതെ സങ്കടത്തിന്റെ നടുക്കടലില്‍ ഉലയുന്ന തുടരന്‍ അവിഹിത പരമ്പരകളല്ല മറിച്ചു ഓരോ എപ്പിസോഡിലും നര്‍മ്മത്തില്‍ പൊതിഞ്ഞ ചെറു സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്ന ആക്ഷേപഹാസ്യ പരമ്പരകളാണ് എന്റെ സാമ്രാജ്യം. മറിമായം, തട്ടീം മുട്ടീം, എം 80 മൂസ, തമ്പാനൂര്‍ റെയില്‍വേ സ്റ്റെഷന്‍, കുന്നംകുളത്തങ്ങാടി അങ്ങിനെ ധാരാളം പരമ്പരകള്‍ ഈ ഗണത്തില്‍ ഇന്ന് ചാനലുകളില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെ ഒരു രാത്രിയില്‍ പാട്ടു ചാനലുകളുടെ ആരാധികയായ മകളോട് അരമണിക്കൂര്‍ വായ്പ വാങ്ങി ഞാന്‍ ഈ ഗണത്തില്‍ പെട്ട ഒരു പരമ്പര കാണാനിരുന്നപ്പോള്‍ ദാ വരുന്നു തുടക്കത്തില്‍ തന്നെ മുഖ്യ സ്‌പോണ്‍സറുടെ പരസ്യം. സ്‌പോണ്‍സര്‍ കൊച്ചിയിലെ ഒരു പ്രധാനപ്പെട്ട ആശുപത്രിയാണ്. അവിടത്തെ പ്രധാന ഇനമോ പൈല്‍സ് എന്ന് ഹൈ ക്ലാസ്സുകാരും മൂലക്കുരു എന്ന് നമ്മള്‍ സാധാരണക്കാരും വിളിക്കുന്ന ആ ചിരപരിചിത അസുഖത്തിനുള്ള പ്രത്യേക ചികിത്സയും. പരസ്യം കഴിഞ്ഞു പരമ്പര തുടങ്ങിയപ്പോള്‍ ആണ് സംഗതികളുടെ പോക്കത്ര പന്തിയല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയത്. പരമ്പര അന്ന് കൈകാര്യം ചെയ്യുന്ന വിഷയം നഗരത്തിലും ഗ്രാമത്തിലും എന്ന് വേണ്ട കായലിലും പാടത്തും വരെ കൂണു പോലെ മുളച്ചു പൊന്തുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ തട്ടിപ്പുകളാണ്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന നിലക്കുള്ള ഓഫറുകളും 500 രൂപയ്ക്കു ഓപി കാര്‍ഡ് എടുത്താല്‍ ഒരു വര്‍ഷത്തേക്ക് ഫ്രീ ആയി ഡോക്ടറെ സന്ദര്‍ശിക്കാമെന്നുള്ള സ്‌പെഷ്യല്‍ പാക്കേജും അത് നമ്മുടെ വീട്ടില്‍ കൊണ്ട് വില്‍ക്കാന്‍ ശ്രമിക്കുന്ന ആശുപത്രി പ്രതിനിധിയുടെ തമാശകളുമൊക്കെയായി വളരെയധികം സമകാലീന പ്രസക്തിയുള്ളൊരു വിഷയം നര്‍മ്മത്തില്‍ ചാലിച്ച് വളരെ മനോഹരമായിത്തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ആ പരമ്പരയുടെ എഴുത്തുകാരനും സംവിധായകനും. എന്നാല്‍ കഥയുടെ മര്‍മ്മത്തോട് അടുത്തപ്പോള്‍ പരമ്പര സ്‌പോണ്‍സര്‍ ചെയ്ത പ്രധാനസ്ഥാപനത്തിന്റെ അധികാരികള്‍ തീര്‍ച്ചയായും അവര്‍ എടുത്ത തീരുമാനത്തെ ഒരു നിമിഷമെങ്കിലും പഴിച്ചിട്ടുണ്ടാകും. പരമ്പരയിലെ ഒരു കഥാപാത്രം വായിക്കുന്ന പത്രത്തില്‍ ഒരു ആശുപത്രി നല്‍കിയിരിക്കുന്ന പരസ്യം കാണുന്നതോടെയാണ് കഥ യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്. നഗരത്തിലെ ഒരു പ്രധാന ആശുപത്രി അവരുടെ മൂലക്കുരു ചികിത്സാ വിഭാഗത്തിന്റെ പ്രചാരത്തിനു വേണ്ടി നല്‍കുന്ന ഓഫര്‍ ആണ് നമ്മുടെ കഥാനായകനെ വിടാതെ പിന്‍തുടരുന്നത്. ആ ആശുപത്രിയിലേക്ക് 10 മൂലക്കുരു രോഗികളെ റെഫര്‍ ചെയ്താല്‍ ഒരു ഗോള്‍ഡ് കോയിന്‍ സമ്മാനം കിട്ടും എന്നതാണ് അവരുടെ വാഗ്ദാനം. അവിടന്നങ്ങോട്ട് പത്തു മൂലക്കുരു രോഗികളെ എവിടെ നിന്നെങ്കിലും ഒപ്പിച്ചു സ്വര്‍ണ നാണയം സ്വന്തമാക്കാന്‍ അയാള്‍ നടത്തുന്ന പരിശ്രമങ്ങളാണ് വളരെ രസകരമായി ആ പരമ്പര പറയുന്നത്. കഥയും വിഷയവും സമകാലീന പ്രശ്‌നങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തുമ്പോഴും പരസ്യം കൊണ്ട് പുലര്‍ന്നു പോകുന്ന ഒരു മാധ്യത്തിലൂടെ അത് പുറത്തു വരുമ്പോള്‍ ചാനല്‍ മുതലാളിക്ക് അത് വരുത്തിവച്ചേക്കാവുന്ന നഷ്ടങ്ങളും ചില്ലറയല്ല. ഏതൊരു മാധ്യമത്തിലും അത് പത്രമായാലും ചാനല്‍ ആയാലും അതെ പരസ്യവും വാര്‍ത്തയുള്‍പ്പെടെയുള്ള ഉള്ളടക്കവും തമ്മിലുള്ള യുദ്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സാധാരണ പത്രങ്ങളിലെല്ലാം പരസ്യ വിഭാഗക്കാരാന്‍ തന്റെ പരസ്യങ്ങള്‍ നിരത്തി വെച്ചതിനു ശേഷമാണ് പത്രക്കാരന്‍ അവന്റെ വാര്‍ത്തകള്‍ നിരത്തുന്നത്. കല്യാണ്‍ സാരീസില്‍ നിന്നും പിരിച്ചു വിടപ്പെട്ട സ്ത്രീ തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരത്തിനെ മുഖ്യധാരാ മാധ്യമങ്ങള്‍ പാടെ അവഗണിച്ചതിന്റെ പുറകിലുള്ള കാരണം അന്വേഷിച്ചു ചെന്നാല്‍ നമ്മള്‍ എത്തിച്ചേരുന്നത് ഇതേ സാഹചര്യങ്ങളിലേക്കാണ്. ഒരു പുറം നിറയെ കല്യാണ്‍ സാരീസിന്റെ ബഹുവര്‍ണ പരസ്യം പേറുന്ന പത്രങ്ങള്‍ക്കും മിക്ക പ്രധാന പരിപാടികളുടെയും ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയി കല്യാണ്‍ സാരീസിനെ കാണുന്ന ചാനലുകള്‍ക്കും പിന്നെങ്ങിനെ കല്യാണ്‍ സാരീസിനെതിരെ പാവപ്പെട്ട തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്റെ വാര്‍ത്തകള്‍ നല്‍കാനാകും. ഇതേ കാരണം കൊണ്ട് തന്നെയാണ് ടാക്‌സുകാര്‍ റെയിഡ് ചെയ്യുന്ന ജ്വല്ലറിയുടെ പേര് 'നഗരത്തിലെ പ്രമുഖ ജ്വല്ലറി' എന്ന് മാത്രമായി ഒതുങ്ങുന്നതും നമുക്കാ സ്ഥാപനമേതെന്നു ഊഹിച്ചു കണ്ടുപിടിക്കേണ്ടി വരുന്നതും. അരപ്പേജില്‍ വിടര്‍ന്നു നില്‍ക്കുന്ന സ്വര്‍ണക്കടയുടെ പരസ്യത്തിനു തൊട്ടു മുകളിലായിത്തന്നെ വിവാഹ സമയത്ത് വാഗ്ദാനം ചെയ്ത മുഴുവന്‍ സ്വര്‍ണവും കൊടുത്ത് തീര്‍ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭര്‍തൃഗൃഹത്തിലെ സ്റ്റൗ പൊട്ടിത്തെറിച്ചു കൊഴിഞ്ഞു പോയ പാവം പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത അച്ചടിച്ച് വന്നേക്കാം. അത് വായിച്ചു ആത്മരോഷം തോന്നുന്ന ഒരുവന്‍ ചിലപ്പോള്‍ അപ്പോഴത്തെ ഒരു മൂച്ചിന് താഴെകൊടുത്തിരിക്കുന്ന പരസ്യത്തിലെ സ്വര്‍ണക്കട ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കാണ് നഷ്ടം. ഹരിച്ചും ഗുണിച്ചും തിയതിയും സ്ഥലവും നോക്കി ലക്ഷങ്ങള്‍ ചെലവഴിച്ചു പരസ്യം നല്‍കിയവന് തീര്‍ച്ചയായും ആശങ്കാകുലനാകാന്‍ അവകാശമുണ്ട്. സ്ത്രീധനം പോലുള്ള ഇത്തരം സാമൂഹ്യവിപത്തുകള്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ വരുത്തുന്ന അത്യാപത്തുകളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കേണ്ടത് പത്രധര്‍മം തന്നെയെന്നതില്‍ സംശയമേതുമില്ല. എന്നാല്‍ പരസ്യം തന്നു പത്രത്തെ നിലനിര്‍ത്തുന്ന കച്ചവടക്കാരന് വേണ്ടി ആ വാര്‍ത്ത മറ്റൊരു പേജിലേക്ക് മാറ്റികൊടുത്താല്‍ വായനക്കാരുടെ ആത്മരോഷത്തെ ചെറുതായൊന്നു തണുപ്പിക്കുകയെങ്കിലും ചെയ്യാം. മുപ്പതും നാല്‍പതും രൂപ പ്രിന്റിംഗ് ചെലവു വരുന്ന പത്രം ആറര രൂപയ്ക്കു നിങ്ങളുടെ കൈകളില്‍ എത്തിക്കാന്‍ സഹായിക്കുന്ന കച്ചവടസ്ഥാപനങ്ങളോട് നമ്മള്‍ ഇത്രയെങ്കിലും മര്യാദ കാണിക്കണ്ടേ. Favour Francis favourfrancis@gmail.com 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)