വാര്‍ധക്യകാല പെന്‍ഷന്‍ ഇനി മുതല്‍ ഒന്നാം തീയ്യതി കൈയ്യില്‍

welfare pension

തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ പോലെ വാര്‍ധക്യകാല പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനം.

വയോജനങ്ങളുടെ ക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ് ലൈല്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാനും ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന വയോജന കൗണ്‍സിലിന്റെ മൂന്നാമത് യോഗത്തില്‍ തീരുമാനിച്ചു.

വയോജനങ്ങളുടെ പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വര്‍ഷത്തില്‍ രണ്ട് ഗ്രാമസഭകള്‍ വിളിച്ചു കൂട്ടും. അതില്‍ സംസ്ഥാന, ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ജീവിതനിലവാരം ഉയര്‍ന്ന ആളുകള്‍ക്കായി പെയ്ഡ് ഓള്‍ഡ് ഏജ് ഹോം തുടങ്ങാനും ധാരണയായി. ഇതിനുള്ള കെട്ടിടം ഏറ്റെടുക്കല്‍, വാടക നിശ്ചയിക്കല്‍, അന്തേവാസികളുടെ എണ്ണം, ഹോമിന്റെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

വയോജനങ്ങളുടെ വിഷയത്തില്‍ ജനമൈത്രി പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി സംസ്ഥാന വയോജന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വൊളന്റീയര്‍ സമിതി രൂപീകരിക്കും.

സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും വയോജനങ്ങള്‍ക്ക് ലാബ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ചികിത്സകളും സൗജന്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

വയോമിത്രം പദ്ധതിയില്‍ ഗുണഭോക്താക്കളുടെ പ്രായം 65 ല്‍ നിന്ന് 60 ആക്കുന്നതിനുള്ള സാധ്യത ആരായും. ജില്ലയില്‍ ഒന്നു വീതം ആധുനിക സൗകര്യങ്ങളോടു കൂടിയ പകല്‍ വീട്, കപ്പിള്‍ ഹോം എന്നിവ എന്‍ജിഒകള്‍, മറ്റ് സംരംഭകര്‍ എന്നിവരുടെ സഹായത്തോടെ തുടങ്ങുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കുന്ന വയോജനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കെഎസ്ആര്‍ടിസി ബസുകളില്‍ ലഭിക്കുന്ന സീറ്റ് സംവരണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പരിഗണിക്കുവാന്‍ ഗതാഗത വകുപ്പിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന വയോജന കൗണ്‍സില്‍ അംഗമായ അമരവിള രാമകൃഷ്ണനെ വയോജന നയപ്രകാരമുള്ള സംസ്ഥാന, ജില്ലാ കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍വീനറായി നിശ്ചയിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)