ആഴക്കടലില്‍ പലതരം ജീവികളെ അനുകരിച്ച് ശത്രുക്കളെ പറ്റിക്കുകയും ഇരപിടിക്കുകയും ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ട്. മിമിക് ഒക്ടോപസ് എന്നറിയപ്പെടുന്ന ഒരു കുഞ്ഞന്‍ നീരാളിയാണ് ഈ വിരുതന്‍. രണ്ടടി നീളമുളള ഈ ഇത്തിരി കുഞ്ഞന്‍ അനുകരിക്കുന്നത് പതിനഞ്ചോളം ജീവികളെയാണ്.
ഈ ജീവികളുടെയെല്ലാം രൂപവും ഭാവവും ചലിക്കുന്ന രീതിയും, എന്തിനേറെ, നിറം വരെ അതെ പടി പകര്‍ത്തും ഈ നീരാളി. തിരണ്ടി, നക്ഷത്ര മത്സ്യം, കടല്‍പാമ്പ്, ജെല്ലിഫിഷ്, ഡ്രാഗണ്‍ ഫിഷ്, ഞണ്ട് തുടങ്ങി പതിനഞ്ചോളം കടല്‍ ജീവികളുടെ രൂപ ഭാവങ്ങള്‍ നിമിഷനേരം കൊണ്ട് സ്വീകരിക്കാന്‍ ഇവയ്ക്കു സാധിക്കും.
ഈ നീരാളികള്‍ അതീവ ബുദ്ധിസാമര്‍ഥ്യമുള്ളവരാണ്. ഒരു പ്രദേശത്ത് നീരാളികളെ ഇരകളാക്കുന്ന ജീവികള്‍ എതോക്കെയാണെന്ന് തിരിച്ചറിയനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ഈ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ മറ്റുള്ള ജീവികളുടെ രൂപം കൈക്കൊണ്ടാണ് ഇവര്‍ രക്ഷപെടുന്നത്.
ഒപ്പം ഞൊടിയിടയില്‍ മണ്ണു തുരന്നു മാളമുണ്ടാക്കി അതില്‍ ഒളിക്കാനും ഇവയ്ക്കു സാധിക്കും. സ്വയരക്ഷയ്ക്കും ഇരകളെ പിടിക്കാനും വേണ്ടിയാണ് ഇവ ഇങ്ങനെ ഒളിക്കുന്നത്. മറ്റു ജീവജാലങ്ങളെ അനുകരിക്കുന്ന നിരവധി ജീവികളുണ്ടെങ്കിലും ഇത്രയധികം രൂപ ഭാവങ്ങള്‍ അനുകരിക്കുന്ന മറ്റൊരു ജീവിയും ഇല്ല.
Discussion about this post