മസാച്ചുസെറ്റ്‌സ്: കോവിഡ് മഹാമാരി കാരണം ലോകത്ത് നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. പലരും അതിജീവനത്തിന് പുതിയ ഇടങ്ങള്‍ കണ്ടെത്തി. എന്നാല്‍ അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലെ ക്രേയ്ഗ് ഗോഡ്‌നിയര്‍ എന്ന യുവാവിന് കോവിഡ് ഉണ്ടാക്കിയത് ചില്ലറ നഷ്ടമൊന്നും അല്ല.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ കാമുകി ഉപേക്ഷിച്ചു, ഇതോടെ ഗോഡ്‌നിയറിന്റെ ജീവിതത്തിലും അത്തരം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിച്ചു. ക്രെയ്ഗ് ഒഴിവു സമയത്ത് ഒരു പഴയ സ്‌കൂള്‍ ബസില്‍ പണിയെടുത്ത് അത് ഒരു മനോഹരമായ ബാച്ച്‌ലര്‍ പാഡ് (വീട്) ആക്കി മാറ്റിയിരിക്കുകയാണ്. ക്വീന്‍ സൈസ് സോഫ, കൃത്രിമ ഫയര്‍ പ്ലെയ്‌സ്, ഫാന്‍സി കോഫി മെഷീന്‍, തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുണ്ട് ഈ വീട്ടില്‍.
കൂടാതെ, ബസിന് മുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലില്‍ നിന്നാണ് അകത്ത് ആവശ്യമായ വൈദ്യുതി ഉപയോഗിക്കുന്നത്. ബസിനകത്തെ സ്ഥലങ്ങള്‍ ക്രെയ്ഗ് ഉറങ്ങുന്ന സ്ഥലം, ലിവിംഗ് റൂം, കിച്ചണ്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്.
ജോലി നഷ്ടപ്പെട്ട സമയത്ത് രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുകയും ജോലിക്കായി ബയോഡാറ്റകള്‍ അയക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഇത്തരം ഒരാശയം ഉദിച്ചതെന്ന് ക്രെയ്ഗ് പറയുന്നു. തന്റെ പഴയ ജോലിയില്‍ സംതൃപ്തനായിരുന്നില്ല എന്നു സമ്മതിക്കുന്ന ക്രെയ്ഗ് തുച്ഛ ശമ്പളം മാത്രം ലഭിക്കുന്ന ഒരു ജോലി ഏറ്റെടുക്കാനും തയ്യാറായിരുന്നില്ല. ക്രെയ്ഗിന്റെ മനോഹരമായ ബാച്ച്‌ലെര്‍ പാഡ് കണ്ട് കണ്ണു മിഴിച്ചിരിക്കുകയാണ് സോഷ്യല്‍ ലോകം.
തന്റെ ആറു മാസത്തെ സമയവും അധ്വാനവും കൊണ്ടാണ് ക്രെയ്ഗ് വീടുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ 17,000 പൗണ്ട് കൊടുത്താണ് ഈ വീട് വാങ്ങിയത്. നവംബറില്‍ അവസാനിച്ച ഈ വീടു പണിക്കായി അദ്ദേഹം 17,300 പൗണ്ട് ചെലവഴിച്ചു.