ഏതാണ് യഥാര്‍ഥ അത്തിമരം? ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം

ഫൈക്കസ് കാരിക്ക എന്നറിയപ്പെടുന്ന മരമാണ് കഴിക്കാന്‍ യോഗ്യമായ അത്തിപ്പഴം തരുന്നത്. മൂന്നായി വെട്ടുള്ള ഇലകളാണ് ഇവയുടേത്.

പല ആളുകളും വളരെയേറെ പ്രതീക്ഷയോടെയാണ് അത്തിമരം വാങ്ങി വച്ചുപിടിപ്പിക്കുന്നത്. എന്നാല്‍ ഇവയില്‍ കായ്പിടിക്കുമ്പോള്‍ ആളുകള്‍ ചിന്താക്കുഴപ്പത്തിലാകുന്നു. ഈ കായ്കള്‍ എങ്ങനെയാണ് കഴിക്കേണ്ടത് എന്നും ഇത് യഥാര്‍ഥ അത്തിപ്പഴം തന്നെയാണോ എന്നും സംശയം ഉണ്ടാകുന്നു.

സാധാരണയായി കാണപ്പെടുന്ന അത്തിമരം ‘കാപ്രി ഫിഗ്’ എന്ന വിഭാഗത്തില്‍പ്പെടുന്ന ഫൈക്കസ് ഓറിക്കുലേറ്റ ആണ്. ഇവയുടെ പ്രത്യേകത വീതിയുള്ള ഒറ്റ ഇലകളും തണ്ടിനോട് ചേര്‍ന്ന് കൂട്ടമായി പിടിക്കുന്ന കായ്കളുമാണ്. ഇവയുടെ ഇലകള്‍ ഭക്ഷണം വിളമ്പിക്കഴിക്കാനും പൊതിയാനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കായ്കള്‍ പൊതുവേ ഭക്ഷ്യയോഗ്യമല്ല. പക്ഷേ കീറി നന്നായി കറ കളഞ്ഞ് തോരന്‍, തീയല്‍ എന്നിവ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഇത് നല്ലൊരു തണല്‍ മരവുമാണ്.

ഫൈക്കസ് കാരിക്ക എന്നറിയപ്പെടുന്ന മരമാണ് കഴിക്കാന്‍ യോഗ്യമായ അത്തിപ്പഴം തരുന്നത്. മൂന്നായി വെട്ടുള്ള ഇലകളാണ് ഇവയുടേത്. കായ്കള്‍ പൊതുവേ ഒറ്റയായി കാണപ്പെടുന്നു. ഉണങ്ങിയ അത്തിപ്പഴത്തിന് മലബന്ധം മാറ്റാന്‍ അസാധാരണ കഴിവുണ്ട് . വലിയ അളവില്‍ പൊട്ടാസ്യമുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം ക്രമീകരിക്കാന്‍ സഹായിക്കും. ഇരുമ്പിന്റെ കലവറയായതിനാല്‍ വിളര്‍ച്ച മാറ്റും. ദഹനനാരുകള്‍ ധാരാളം ഉള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും. തടി കൂടാതെ നോക്കും. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞതിനാല്‍ പ്രമേഹ രോഗികള്‍ക്കും നല്ലതാണ്.

നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലവും നല്ല സൂര്യപ്രകാശവും മിതമായ നനയും അത്തിമരത്തിന്റെ കൃഷിക്ക് അനുകൂലമായ സാഹചര്യങ്ങളാണ്. എന്നാല്‍ കായ്കള്‍ പാകമാകുമ്പോള്‍ അമിതമായ മഴയും അന്തരീക്ഷ ആര്‍ദ്രതയും വിനയാകും. വേരുപിടിപ്പിച്ച കമ്പുകളാണ് ഇതിന്റെ നടീല്‍ വസ്തു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ 5 മീറ്റര്‍ അകലത്തില്‍ നടാം. രണ്ടരയടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ 25 കിലോ ചാണകപ്പൊടി ചേര്‍ത്ത് നടാവുന്നതാണ്.

ഇവ രണ്ട് മൂന്ന് കൊല്ലത്തിനകം കായ്കള്‍ പിടിച്ചു തുടങ്ങും. കായ്കള്‍ ചെടിയില്‍ നിന്നുതന്നെ പഴുക്കണം. പൂര്‍ണമായും പഴുത്ത് കഴിഞ്ഞാല്‍ കായ്കള്‍ ചെറുതായി താഴേക്ക് തൂങ്ങാന്‍ തുടങ്ങും. ക്ഷതം വരാതെ പറിച്ചെടുത്ത് സൂക്ഷിക്കാം. ഇത് ദീര്‍ഘനാള്‍ സൂക്ഷിച്ചുവെക്കാം.

Exit mobile version