ഒട്ടനവധി ജീവജാലങ്ങളുള്ള മായാലോകമാണ് സമുദ്രം. ഭംഗിയും ആകര്‍ഷണവും ഭയപ്പെടുത്തുന്നതുമായ നിരവധി ജീവനുകളാണ് കടലിനടിത്തട്ടില്‍ വസിക്കുന്നത്. വൈവിധ്യപൂര്‍ണ്ണമായ ആ ലോകത്തില്‍ ഇനിയും ഒട്ടേറെ രഹസ്യങ്ങളാണ് പുറം ലോകമറിയാതെ കിടക്കുന്നത്. കണ്ടാല്‍ റിബ്ബണ്‍ വെള്ളത്തില്‍ ഒഴുകി നടക്കുകയാണെന്ന് തോന്നിക്കുന്ന രീതിയിലുള്ള ഒരു മത്സ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍. എന്നാല്‍ അങ്ങനെയൊന്നുണ്ട്.
പാമ്പുകളോട് സാദൃശ്യമുള്ള രൂപവും ചലനവുമുള്ള ഈ ഈല്‍ മത്സ്യങ്ങള്‍ റൈനോമൊറേന ജനുസ്സില്‍ പെടുന്ന മൊറേ ഈലുകളുടെ കൂട്ടത്തിലുള്ളതാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറഭംഗിയാണ് ഇവര്‍ക്കുള്ളത്. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ഇവര്‍ ജനിക്കുന്നത് കറുപ്പ് നിറത്തിലും കുറച്ച് നാളുകള്‍ക്ക് ശേഷം നീലനിറമാവുകയും 1 മീറ്റര്‍/ 3.3 അടി നീളത്തില്‍ വളര്‍ച്ചയെത്തുമ്പോള്‍ മഞ്ഞനിറത്തിലാവുകയും ചെയ്യുന്നു. ഏറെ വ്യത്യസ്ഥമായ ഒരു കാര്യം എന്തെന്നു വെച്ചാല്‍ എല്ലാ റിബ്ബണ്‍ ഈലുകളും ജനിക്കുന്നത് ആണ്‍ശരീരത്തോടെയാണ് എന്നാല്‍ ശരീരത്തിന് മഞ്ഞനിറം ആവുന്ന ഘട്ടത്തില്‍ ഇവര്‍ പെണ്‍ ശരീരമാവുകയും മുട്ടയിടുകയുടം ചെയ്യുന്നു.
ഒറ്റനോട്ടത്തില്‍ കടല്‍ക്കുതിരയെ ഓര്‍മിപ്പിക്കുന്ന മുഖമാണ് ഇവയ്ക്കുള്ളത്. വളരെ ചെറുതും അപകടകരവുമായ പല്ലുകളുള്ള ഇവര്‍ നീണ്ട മൂക്കുപയോഗിച്ചാണ് വെള്ളത്തിലെ അനക്കങ്ങള്‍ മനസ്സിലാക്കി ഇരയെ തേടുന്നതും മറ്റു ജീവികളില്‍ നിന്നും സ്വയം സംരക്ഷിക്കുന്നതും. പവിഴപ്പുറ്റുകളിലാണ് ഇവരുടെ താമസം. ഒളിച്ചിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ ജീവികളുടെ തലഭാഗവും അതിന് താഴെയുള്ള കുറച്ച് ശരീരവും മാത്രമേ പുറത്തു കാണാന്‍ കഴിയൂ. വെള്ളത്തില്‍ നീന്തി പോവുന്ന റിബ്ബണ്‍ ഈലുകളെ വളരെ വിരളമായെ കാണാന്‍ സാധിക്കൂ.
രാത്രി ഇരുട്ടില്‍ മറഞ്ഞിരുന്നാണ് ഇവര്‍ വേട്ടയാടുന്നത്. ചെമ്മീനുകളും ചെറിയ മീനുകളുമാണ് ഈലുകളുടെ പ്രധാന ഭക്ഷണം. കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്റ്റെ തെക്കുഭാഗങ്ങള്‍, ഓസ്‌ട്രേലിയ ഇന്തോ പസഫിക്ക് സമുദ്രത്തിലെ തടാകങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. 20 വര്‍ഷം വരെ ആയുസ്സുള്ള ഇവരെ ലീഫ് നോസഡ് മൊറേ ഈല്‍, ബെര്‍നിസ് ഈല്‍ എന്ന പേരിലും അറിയപ്പെടുന്നു.