പ്രണയക്കുരുക്കില്‍ നിന്ന് മക്കളെ രക്ഷിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍

child love, lovers, stories
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പ്രണയിക്കുന്നവര്‍ക്ക് പ്രണയം മനോഹരമായൊരു മായാനദിയാണെങ്കിലും ഇക്കാലത്ത് രക്ഷിതാക്കള്‍ക്ക് വലിയൊരു ആശങ്കയാണ് നല്‍കുന്നത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പ്രണയഭീതിയില്‍ കഴിയുന്നത്. കാരണം വര്‍ത്തമാനകാല അനുഭവങ്ങള്‍ പലതും ഏതൊരു രക്ഷിതാവിനെയും ആശങ്കയിലാഴ്ത്തുന്നതാണ്. മക്കള്‍ പ്രണയിക്കുന്നതിനേക്കാള്‍ രക്ഷിതാക്കള്‍ക്ക് ഭയം പ്രണയം കൊണ്ടെത്തിക്കുന്ന അപകടങ്ങളിലാണ്. വളര്‍ത്തി വലുതാക്കിയ മക്കള്‍ ജാതിയും മതവും കുടുംബവും എല്ലാം ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുത്തന്റെ പിന്നാലെ പോകുന്നത് എങ്ങനെയെന്ന് രക്ഷിതാക്കള്‍ക്ക് ഒട്ടും മനസിലാവില്ല. ദുരഭിമാനക്കൊലകളിലൂടെ പകരം വീട്ടുന്ന രക്ഷിതാക്കളുമുണ്ട്. ആരാണ് പ്രണയത്തിലെ വില്ലന്‍? ഒരു പ്രണയത്തിലും ചെന്ന് ചാടരുത് എന്നാഗ്രഹിച്ച എത്രയോപേര്‍ പ്രണയനദിയില്‍ മുങ്ങിത്താഴുന്നു. മക്കളുടെ അപക്വമായ പ്രണയങ്ങളാല്‍ എത്രയോ കുടുംബങ്ങളില്‍ സന്തോഷം നഷ്ടപ്പെടുന്നു. പ്രണയത്തില്‍ ശരിയായ വില്ലന്‍ നമ്മുടെ തലച്ചോറിലെ ന്യൂറോ കെമിക്കല്‍സ് ആണ്. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ സ്റ്റാറ്റസോ പ്രണയത്തെ സ്വാഭാവികമായി തടുത്തു നിര്‍ത്തുമെന്ന് ചിന്തിക്കുന്നതില്‍ കാര്യമില്ല. ബുദ്ധിയും ചിന്തയും ഉപദേശങ്ങളുമൊന്നും ഇതിലില്ല. ഈ കെമിക്കലുകള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രേമത്തിനു കണ്ണില്ല എന്ന സാഹചര്യമുണ്ടാകുന്നത് .ഇതൊന്നും പ്രണയിക്കുന്നവര്‍ക്കറിയില്ലെങ്കിലും ഇതാണ് സത്യം. കൗമാരക്കാലപ്രണയങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല .ചെറിയ ക്ലാസ് മുതല്‍ തന്നെ പ്രണയത്തില്‍ കുരുങ്ങി പഠനം ഉഴപ്പുകയും സ്വയം നശിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് .ചെറിയ ചെറിയ സൗഹൃദങ്ങളാണ് പലപ്പോഴും പ്രണയത്തിലെത്തുന്നത് .ആണും പെണ്ണും തമ്മിലുള്ള സൗഹൃദമൊക്കെ ആരോഗ്യപരമായാല്‍ നല്ലത് .അല്ലെങ്കിലത് പ്രണയത്തിലെത്തി കുഴപ്പത്തിലെത്തും. സ്ത്രീക്കും പുരുഷനും എവിടെവെച്ചും ആരോടും തോന്നുന്ന ലൈംഗിക ആകര്‍ഷണമാണ് പ്രണയത്തിന്റെ ആദ്യ ഘട്ടം .യഥാര്‍ത്ഥത്തില്‍ സ്‌നേഹമല്ലത്. ഇഷ്ടം മാത്രമാണ് .ഇഷ്ടപ്പെടുന്നതൊക്കെ പിന്നെ വെറുക്കുകയും ചെയ്യും. പദവിയോ പഠനമോ ജീവിത സാഹചര്യമോ വ്യക്തിയുടെ പശ്ചാത്തലമോ ഒന്നും പരിഗണിക്കാതെ ആരോടും ഈ ആകര്‍ഷണം തോന്നാം. ഇന്‍ഫാക്‌ച്ച്വേഷന്‍ എന്ന ഓമനപ്പേരിലുള്ള പ്രണയഭാവം ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ഹോര്‍മോണിന്റെയും ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെയും സംഭാവനയാണ്. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഈ ഹോര്‍മോണുകളുടെ കളികളാണ്. ഇത്തരം ഇഷ്ടങ്ങളെ പ്രണയമെന്ന് വിശ്വസിച്ചാണ് പലരും അബദ്ധത്തില്‍പോയി ചാടുന്നത്. ഒന്നാം ഘട്ടത്തിലുണ്ടായ ഇഷ്ടത്തെ സ്‌നേഹമെന്ന് വിശ്വസിക്കുകയും മൃദുലവികാരങ്ങളെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ പ്രണയം നമ്മുടെ വിവേകത്തെ തോല്‍പ്പിച്ച് തുടങ്ങും. എതിര്‍ലിംഗത്തിന്റെ ശക്തമായ ആകര്‍ഷണമാണ് ഊ ഘട്ടത്തില്‍ ആരംഭിക്കുക . ഒന്നു നേരില്‍ കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കും. എന്നാല്‍ അതിനുള്ള അവസരം എങ്ങനെയെങ്കിലും സൃഷ്ടിക്കും .രണ്ടുകുട്ടരും പിന്നെയൊരു മായാലോകത്തായിരിക്കും. നോര്‍ അഡ്രിനാലിന്‍ എന്ന കെമിക്കല്‍ പ്രണയിക്കുന്ന ആളെ കൂടുതല്‍ കരുതാനും ശ്രദ്ധിക്കാനുമൊക്കെ മനസ്സിനെ പ്രേരിപ്പിക്കും. നിഷ്‌കളങ്ക പ്രണയം എന്നൊരു തോന്നലൊക്ക മനസ്സില്‍ ഉണ്ടാക്കാന്‍ കഴിവുള്ള കെമിക്കല്‍ സമ്മിശ്രമായ ഭാവങ്ങളിലൂടെ മനസ്സിനെ നയിക്കും. ഇവിടെയാണ് ഏറ്റവും വലിയ അപകടം. പ്രണയമൊരു മാജിക്കാണെന്ന് പലരും പറയുന്നത് ഇതുകൊണ്ടാണ്. ബൈല്‍ ഫോണും, വാട്ട്‌സ്ആപ്പും, ഫെയ്‌സ്ബുക്കും, ഒരുമിച്ചുള്ള കറക്കങ്ങളും ഭക്ഷണവുമൊക്കെയായി പ്രണയത്തെ ഉണര്‍ത്തി വിടുന്ന ഘട്ടത്തിലെത്താന്‍ ഇനി അധികസമയം വേണ്ടിവരില്ല. ഇതിന്റെ വളര്‍ച്ചയ്ക്ക് എത്ര നുണകള്‍ വേണമെങ്കിലും സത്യമെന്നപോലെ അവതരിപ്പിക്കും. ഈ സമയത്തുള്ള പ്രണയം ശരിയായ വ്യക്തിത്വത്തെയല്ലയെന്നത് വിവാഹശേഷമാണ് ബോധ്യപ്പെടുക. അതോടെ രൂക്ഷമായ കലഹവും നിത്യസംഭവമാകും. കാരണം പ്രണയനാളിലെ അടുപ്പങ്ങളും തിരിച്ചറിവും വിവേകത്തോടെയായിരിക്കില്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും മാതാപിതാക്കളോട് എതിര്‍ക്കുകയും അവരെ ശത്രുക്കളായി കാണുകയും നുണകള്‍ പറയുന്നതും താനിഷ്ടപ്പെടുന്ന ആളെ കണ്ണുമടച്ച് വിശ്വസിച്ച് പോകുന്നതുമെല്ലാം ഓക്‌സിടോസിന്‍ വാസോപ്രസിന്‍ എന്നീ കെമിക്കലുകളുടെ മാജിക്കാണ്. അടുത്തിരിക്കാനും ചാരിയിരിക്കാനും കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനുമൊക്കെ ഈ കെമിക്കലുകള്‍ തോന്നിച്ചുകോണ്ടേയിരിക്കും. ലവ് ഹോര്‍മോണ്‍ ഉയര്‍ത്തിവിടുന്ന ഓളങ്ങളാണ് ശാരീരിക ബന്ധത്തിലേക്കും അടുപ്പത്തിലേക്കും എന്തു റിസ്‌കിലേക്കും കമിതാക്കളെ തള്ളിവിടുന്നത്. ശരിയായ കൗണ്‍സിലിംഗിലൂടെ മാത്രമെ പ്രണയക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനൊക്കൂ .രക്ഷിതാക്കള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവേകത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. (മാധ്യമപ്രവര്‍ത്തകനും അധ്യാപകനും മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍,9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)