അപകടത്തില്‍ നിന്റെ മുഖം മാത്രമാണ് തകര്‍ന്നത്, എന്റെ പ്രണയം അന്നും ഇന്നും നിന്റെ മനസ്സിനോടാണ്: കാറപകടത്തെ തുടര്‍ന്ന് വീരൂപയായിട്ടും തന്നെ കൈവിടാതെ വിവാഹം കഴിച്ച കാമുകനെ കുറിച്ചും സന്തോഷ ജീവിതത്തെക്കുറിച്ചുമുള്ള സുനിതയുടെ കുറിപ്പ് വൈറല്‍

കൊച്ചി: നാം പ്രതീക്ഷിക്കുന്നതുപോലെയാകില്ല പലപ്പോഴും ജീവിതത്തിന്റെ പോക്ക്. നാം സ്വപ്നം പോലും കാണാത്ത കറുത്ത വീഥികളിലൂടെ പോകേണ്ട സാഹചര്യങ്ങള്‍ വരാം. തിരിച്ചടികള്‍ നേരിടുമ്പോള്‍ പതറാനല്ല മറിച്ച് കരുത്തോടെ മുന്നേറാനാണ് ശ്രമിക്കേണ്ടത്. ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലാകുന്ന സുനിത അതിനസ് എന്ന യുവതിയുടെ കഥയും അതാണു പങ്കുവെക്കുന്നത്. സുനിതയുടെ ജീവിതകഥ നിങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല മറിച്ച് ഒന്നിനു മുന്നിലും തോറ്റുകൊടുക്കില്ലെന്ന ആത്മവിശ്വാസം കൂടി നല്‍കും. 2011ലുണ്ടായ ഒരു കാറപകടമാണ് സുനിതയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്കു വരുന്നതിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്ന സുനിതയെ പിന്നീട് കാത്തിരുന്നത് ആശുപത്രിയുടെ നാളുകളായിരുന്നു. താന്‍ പ്രതീക്ഷിച്ചതിനു നേര്‍വിപരീതം ജീവിതത്തില്‍ സംഭവിച്ചപ്പോഴും അവള്‍ തകരാതെ കരുത്തയായി മുന്നേറി. ആ ആത്മവിശ്വാസം ഒന്നു മാത്രമാണ് സുനിതയെ സഹപാഠിയായിരുന്ന ജയ് എന്ന യുവാവിന്റെ പ്രണയത്തെ തിരിച്ചറിയാന്‍ സഹായിച്ചതും കുടുംബ ജീവിതത്തിലേക്കു കാലെടുത്തു വെപ്പിച്ചതുമൊക്കെ. 'എല്ലാവരും ആസൂയപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അന്നു ഞാന്‍, എനിക്ക് ആണ്‍സുഹൃത്തുക്കളുമുണ്ടായിരുന്നു, എന്റെ ശ്രദ്ധ ലഭിക്കാന്‍ പിന്നാലെ നടന്നവരുമുണ്ട്, എനിക്കറിയാമായിരുന്നു ഞാന്‍ സുന്ദരിയാണെന്ന്. പക്ഷേ ജീവിതം റോസാപൂക്കളാല്‍ മനോഹരം മാത്രമാകില്ലല്ലോ. എന്റെ സഹോദരിയും മാതാപിതാക്കളും ഞാനും 250 സ്‌ക്വയര്‍ഫൂട്ടുള്ള ഒരു വീട്ടിലാണ് കഴിഞ്ഞു കൂടിയിരുന്നത്, അച്ഛന്‍ അമിത മദ്യപാനിയായിരുന്നു. ചിലപ്പോഴൊക്കെ മൂന്നുനേരവും ഭക്ഷണം കഴിക്കാന്‍ പോലും ഞങ്ങള്‍ പാടുപെട്ടു. നല്ലൊരു ജീവിതം കെട്ടിപ്പടുക്കണമെന്ന എന്റെ ആഗ്രഹമാണ് പ്ലസ്ടു കഴിഞ്ഞതോടെ എന്നെ ബാംഗ്ലൂരിലേക്കെത്തിച്ചത്. അവിടെ ഒരു ഫിസിയോതെറാപ്പി കോഴ്‌സിനു ചേരുകയും ജോലി ലഭിക്കുകയും ചെയ്തു. 2011 ഓഗസ്റ്റ് 27 ശനിയാഴ്ച ഞാന്‍ എന്റെ കോയമ്പത്തൂരിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു. തിരുപ്പൂരിലേക്കു ഷോപ്പിങ്ങിനു പോകുന്ന സുഹൃത്തുക്കള്‍ എന്നെ ഡ്രോപ് ചെയ്യാമെന്നു പറയുകയായിരുന്നു. ഞങ്ങള്‍ കൃഷ്ണഗിരിയില്‍ എത്താറായപ്പോഴാണ് അതു സംഭവിച്ചത്. മാരുതി 800ല്‍ പുറകില്‍ പാട്ടുംകേട്ട് ഉറങ്ങിയ ഞാന്‍ ആ വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പിന്നീടു സുഹൃത്തുക്കള്‍ പറഞ്ഞാണു ഞാനറിഞ്ഞത്, എന്റെ മുടിയാകെ കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നുവെന്നും ഡിവൈഡറില്‍ തട്ടി വാഹനം മൂന്നുതവണ മലക്കം മറിഞ്ഞ സമയത്ത് എന്റെ മുഖം വിന്‍ഡോയ്ക്ക് പുറത്തായിരുന്നുവെന്നുമൊക്കെ. ജയ് എന്ന ഭര്‍ത്താവിന്റെ സാന്ത്വനം ഒന്നു മാത്രമാണ് അവളെ നാള്‍ക്കുനാള്‍ കരുത്തയാക്കുന്നത്. ഇന്ന് രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് സുനിത എന്റെ മുഖം ആകെ മാറിയിരുന്നു, ഏതാണ്ട് മൂന്ന് ആഴ്ചയെങ്കിലും എടുത്താണ് ചര്‍മം പൂര്‍ണമായും വൃത്തിയാക്കാന്‍ കഴിഞ്ഞതു തന്നെ. വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് എന്റെ ഇടത്തേ കൃഷ്ണമണി കവിളിലിരിക്കുന്നത് അവര്‍ കണ്ടത്, ഡോക്ടര്‍മാര്‍ സശ്രദ്ധം അതു തല്‍സ്ഥാനത്തേക്കു നീക്കി. ട്യൂബിലൂടെയാണ് ആഹാരം കഴിച്ചിരുന്നത്. അവര്‍ എന്നും എന്റെ കൈകള്‍ ബെഡിനു പുറകില്‍ കെട്ടിയിരുന്നു, മുഖത്തിന്റെ അവസ്ഥ ഞാന്‍ തിരിച്ചറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. എന്റെ കീഴ്ത്താടി അഞ്ചിടങ്ങളില്‍ പൊട്ടിയിരുന്നു, മേല്‍ത്താടിയാകട്ടെ പൂര്‍ണമായും തകര്‍ന്നിരുന്നു. ഒരു പല്ലു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു, പിന്നീട് അവര്‍ കൃത്രിമപ്പല്ലു വെച്ചു തരികയായിരുന്നു. എന്റെ മുഖം കാണാതിരിക്കാന്‍ കുറേക്കാലത്തേക്ക് മുറിയില്‍ കണ്ണാടികളൊന്നും വച്ചിരുന്നില്ല. കുറച്ചുകാലത്തിനിടെ ആദ്യമായി ഞാന്‍ എന്റെ മുഖം കാണുന്നത് എലിവേറ്റര്‍ ഡോറിലൂടെയായിരുന്നു, അക്ഷരാര്‍ഥത്തില്‍ നിരാശയായ ഞാന്‍ അന്നു ശരിക്കും നിലവിളിച്ചു. വിരൂപമായ മുഖത്തിന്റെ മധ്യഭാഗത്ത് ഒരു ദ്വാരവുമായൊരു രൂപം എന്നെ തുറിച്ചു നോക്കുന്നു. 2011നും 2014നും ഇടയിലുള്ള കാലങ്ങളിലായി 27ഓളം സര്‍ജറികള്‍ എന്നില്‍ ചെയ്തു. ഇന്ന് എനിക്ക് രുചിയറിയാനുള്ള കഴിവോ കണ്ണുനീര്‍ ഗ്രന്ഥിയോ ഇല്ല. മണക്കാനുള്ള കഴിവോ ഭക്ഷണം ചവയ്ക്കാനുള്ള കഴിവോ ഇല്ലെന്നു മാത്രമല്ല വായ അടയ്ക്കാനും കഴിയില്ല. ഈ യാത്ര എന്നെ ബന്ധങ്ങളെക്കുറിച്ച് ഒരുപാടു പഠിപ്പിച്ചു. ഒരു തൂണുപോലെ എനിക്കൊപ്പം ഉറച്ചുനിന്ന സഹോദരിയും എന്റെ ശബ്ദമാകാന്‍ മുന്നോട്ടുവന്ന സുഹൃത്തുക്കളും. ഒപ്പം എന്നെ വിട്ടുപോയവരുമുണ്ട്, എന്നെ കാണാന്‍ ധൈര്യമില്ലാത്തവരും തകര്‍ന്നു പോയവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഡിസ്ചാര്‍ജ് ആയതോടെ ഞാന്‍ തമിഴ്‌നാട്ടിലേക്കു പോയിരുന്നെങ്കിലും വീണ്ടും ബാംഗ്ലൂരിലേക്കു തിരിച്ചുവന്നു. അന്നാണ് ഞങ്ങള്‍ക്കു പതിനേഴു വയസ്സു പ്രായമുള്ളപ്പോള്‍ എന്നോടു പ്രണയം ഉണ്ടായിരുന്ന ആ സഹപാഠി എന്നെ കണ്ടതും പ്രണയാഭ്യര്‍ഥന നടത്തിയതും. 2012നു ശേഷം എന്റെ എല്ലാ സര്‍ജറികള്‍ക്കും കൂട്ടായി അദ്ദേഹവും ഉണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്റെ അപകടമോ, സര്‍ജറികളോ, ദുരിതം നിറഞ്ഞ കുട്ടിക്കാലമോ ഒന്നും പ്രശ്‌നമല്ല. 2014ല്‍ ഞങ്ങള്‍ വിവാഹിതരായി. കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, കാരണം അവര്‍ക്ക് എന്റെ മുഖമായിരിക്കും എന്നു പറഞ്ഞവര്‍ വരെയുണ്ട്. അതിനെയൊക്കെ ഞങ്ങള്‍ ചിരിച്ചു തള്ളിയിട്ടേയുള്ളു. ആദ്യമൊക്കെ എനിക്കു ദേഷ്യം തോന്നുകയും മടുപ്പു തോന്നുകയും ഒക്കെ ചെയ്യുമായിരുന്നു. എനിക്കെന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഇത് കര്‍മഫലമാണോ? അതിന് ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ലല്ലോ, എന്നും എനിക്കൊരു നല്ല ജീവിതം വേണമെന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുളളു. പക്ഷേ ജീവിതം ഒരിക്കലും എന്നെ നോക്കി കളിയാക്കിച്ചിരിക്കരുത് എന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അതെല്ലാം മറികടന്നു.' സുനിതയുടെയും ഭര്‍ത്താവ് ജയ്‌യുടെയും പ്രണയകഥ അന്നൊക്കെ വാര്‍ത്തകളിലും നിറഞ്ഞിരുന്നു. കാര്‍ അപകടത്തില്‍ മുഴുവനായി മുഖം തകര്‍ന്നിട്ടും പ്രണയത്തിനു മുന്നില്‍ മുട്ടുമടക്കാതിരുന്ന ജയ് യഥാര്‍ഥ പ്രണയം എന്താണെന്നു കാണിച്ചു തരികയായിരുന്നു. പ്ലസ് ടു കാലത്തായിരുന്നു ജയ്‌യ്ക്ക് സുനിതയോടു പ്രണയം തോന്നിത്തുടങ്ങിയത്, പക്ഷേ പരീക്ഷയില്‍ ഉഴപ്പാതിരിക്കാനും പ്രണയം പറഞ്ഞാല്‍ സുനിത സൗഹൃദം ഉപേക്ഷിച്ചേക്കുമോ എന്നു ഭയന്നും ജയ് അക്കാര്യം മറച്ചുവച്ചു. അന്നു പിരിഞ്ഞതിനു ശേഷം രണ്ടുവര്‍ഷത്തേക്ക് യാതൊരു ബന്ധവും ഇരുവരും തമ്മിലുണ്ടായില്ല. പിന്നീട് ജയ്‌യുടെ ഒരു പിറന്നാള്‍ ദിനത്തില്‍ സുനിത ഫോണ്‍ വിളിച്ച് ആശംസ അറിയിച്ചതോടെയാണ് ആ പ്രണയം ജയ് വീണ്ടും തിരിച്ചറിയുന്നത്. അങ്ങനെ സുനിതയെ തന്റെ ഇഷ്ടം അറിയിക്കുയായിരുന്നു. ആ ഇടയ്ക്കാണ് സുനിതയുടെ കാറപകടം സംഭവിക്കുന്നത്. അപകടം അറിഞ്ഞ് ആശുപത്രിയിലെത്തിയ ജയ് തിരിച്ചറിയാനാകാത്ത വിധം മുഖം നഷ്ടമായ സുനിതയെ കണ്ടു ശരിക്കും തളര്‍ന്നു. എങ്കിലും ഒരിക്കലും അവളെ കൈവിടില്ലെന്ന് അന്നുതന്നെ ജയ് തീരുമാനമെടുത്തിരുന്നു. പിന്നീട് വിവാഹം ചെയ്യാന്‍ തയാറാണെന്ന് ജയ് അറിയിച്ചപ്പോള്‍ ആദ്യമേ സുനിത എതിര്‍ത്തിരുന്നു. പക്ഷേ ജയ്‌യുടെ ആത്മാര്‍ഥ പ്രണയമാണെന്നു മനസിലാക്കിയതോടെ വിവാഹത്തിനു സുനിതയും തയ്യാറാവുകയായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ തുടക്കത്തില്‍ എതിര്‍പ്പുമായി നിന്നപ്പോഴും ജയ് പതറിയില്ല, അവരെയെല്ലാം സമ്മതിപ്പിച്ച് സുനിതയുടെ കഴുത്തില്‍ താലി കെട്ടി. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഇപ്പോഴും പഴയ അവസ്ഥയിലേക്ക് സുനിത എത്തിയിട്ടില്ല, ജയ് എന്ന ഭര്‍ത്താവിന്റെ സാന്ത്വനം ഒന്നു മാത്രമാണ് അവളെ നാള്‍ക്കുനാള്‍ കരുത്തയാക്കുന്നത്. ഇന്ന് രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് സുനിത.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)