മലയാളികളുടെ പ്രിയപ്പെട്ട വെള്ളിനക്ഷത്രം തരുണി സച്ച്‌ദേവ്; ഓര്‍മകള്‍ പങ്കുവച്ച് വിനയന്‍

തൃശ്ശൂര്‍: വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരം തരുണി സച്‌ദേവ് ഓര്‍മയായിട്ട് ഇന്നേക്ക് നാലുവര്‍ഷം. 2012 ല്‍ നേപ്പാളില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് തരുണി മരണപ്പെട്ടത്. തന്റെ പതിനാലാം ജന്മദിനത്തിലായിരുന്നു ആ പ്രതിഭാശാലിയെ ഈശ്വരന്‍ കൊണ്ടുപോയത്. രസ്‌ന പരസ്യത്തിലൂടെയാണ് തരുണി അഭിനയരംഗത്ത് സജീവമാകുന്നത്. പിന്നീട് അമിതാഭ് ബച്ചനൊപ്പം പാ എന്ന ചിത്രത്തില്‍ സുഹൃത്തായി അഭിനയിച്ച് ബോളിവുഡിലേക്ക് രംഗപ്രവേശം. ഒരുപാട് പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും തരുണിയെ മലയാളി പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചത് വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയിലെ അമ്മുക്കുട്ടിയെന്ന കഥാപാത്രമാണ്. തരുണിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്; രാവിലേ ചൂടേറിയ ഇലക്ഷന്‍ വാര്‍ത്തകള്‍ പരതുന്നതിനിടയില്‍ ഈ ഫോട്ടോ കണ്ടപ്പോള്‍ എന്റെ മനസ്സൊന്നു പിടഞ്ഞുപോയി.... തരുണിയുടെ ഓര്‍മ്മക്കായി രണ്ടുവാക്ക് എഴുതണമെന്നു തോന്നി. ഞാന്‍ എഴുതി സംവിധാനം ചെയ്ത സത്യം, വെള്ളിനക്ഷത്രം എന്നീ സിനിമകളിലൂടെ മലയാളി മനസ്സില്‍ വാത്സല്യം നിറഞ്ഞ പൊന്നോമനയായി മാറിയ ബേബി തരുണി മരിച്ചിട്ട് ഇന്നേക്ക് നാലു വര്‍ഷമായി. ഈശ്വരനേ വളരെയേറെ നാള്‍ ഭജിച്ചതുകൊണ്ടുമാത്രം തനിക്കു ലഭിച്ച കുട്ടിയാണ് തരുണിയെന്നു വിശ്വസിച്ചിരുന്ന അവളുടെ അമ്മ അവള്‍ക്കു 14 വയസ്സു തികയുന്ന ജന്മനാളില്‍ അതേ ഈശ്വരനെക്കാണാന്‍ യാത്ര തിരിച്ചതാണ്. പക്ഷേ മരണത്തിലേക്കായിരുന്നു ആ യാത്ര അമ്മയേയും മകളേയും കൂട്ടിക്കൊണ്ടുപോയത്. ഈശ്വരന് ഇത്ര കണ്ണിച്ചോരയില്ലേ എന്നു നമുക്ക് ചിലപ്പോള്‍ തോന്നിപ്പോകും. അഞ്ചോ ആറോ വയസ്സുലഌപ്പോള്‍ എന്റെ സിനിമയിലഭിനയിച്ച ആ കൊച്ചു കുട്ടി അതിനുശേഷം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനായി മുംബൈയില്‍ നിന്നും ഇവിടെയെത്തുമ്പോഴൊക്കെ എന്നെ വിളിക്കുമായിരുന്നു. മുതിര്‍ന്നവരേക്കാളേറെ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമൊക്കെ മനസ്സില്‍ സൂക്ഷിക്കുകയും സ്മരിക്കുകയും ചെയ്തിരുന്ന തരുണി അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരത്ഭുത ശിശു തന്നെയായിരുന്നു. ആ കുഞ്ഞു മനസ്സിന്റെ ഓര്‍മ്മക്കു മുമ്പില്‍ ...ആദരാഞ്ജലികള്‍

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)