കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വനപാലകരും സന്ദര്‍ശകരും അത്യപൂര്‍വമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കാട്ടാനക്കൂട്ടത്തില്‍ ഒരു അമ്മയാന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കുന്ന കാഴ്ചയായിരുന്നു അത്. അമ്മയാനകള്‍ പ്രസവിക്കുന്നത് സാധാരണ കാര്യമാണെങ്കിലും ഇരട്ടക്കുട്ടികളുണ്ടാകുന്നത് അപൂര്‍വമായതിനാല്‍
നാലുപാട് നിന്നും ആളുകള്‍ ചിത്രങ്ങളെടുക്കാന്‍ തിടുക്കം കൂട്ടി. അമ്മയാനയ്ക്ക് ചുറ്റും ഓടിക്കളിക്കുന്ന ആനക്കുട്ടികളുടെ ഇത്തരത്തിലെടുത്ത ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.
മറ്റ് കാട്ടാനകള്‍ക്കൊപ്പം നടക്കുമ്പോളാണ് അമ്മയാനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വേദന കാരണം ഒരടി പോലും നടക്കാന്‍ കഴിയാതെ വന്നതോടെ ആന തൊട്ടടുത്തുള്ള വെള്ളക്കെട്ടിലേക്ക് പ്രസവത്തിനായി ഇറങ്ങി. കുറച്ച് സമയത്തിന് ശേഷം ആളുകള്‍ കാണുന്നത് വെള്ളത്തില്‍ അമ്മയാനയ്ക്ക് സമീപം നീന്തിക്കളിക്കുന്ന രണ്ട് കുട്ടിയാനകളെയായിരുന്നു. ആനക്കുട്ടികളെ കണ്ടതോടെ ഫോട്ടോയെടുക്കാന്‍ ആളുകളുടെ തിക്കും തിരക്കുമായി. അപ്പോഴും പ്രസവവേദനയിലായിരുന്ന അമ്മയാന ഇത് കണ്ടതോടെ മക്കളെയും കൂട്ടി വെള്ളത്തില്‍ തന്നെ നിലയുറപ്പിച്ചു.
വെള്ളത്തില്‍ രണ്ട് കുഞ്ഞ് തലകള്‍ പൊങ്ങിക്കിടക്കുന്നത് മാത്രമായിരുന്നു അല്പനേരത്തേക്ക് ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞത്. കുഞ്ഞുങ്ങള്‍ മുങ്ങിപ്പോകുമെന്ന് ഭയന്ന അധികൃതര്‍ ആളൊഴിയാതെ അമ്മ കുഞ്ഞുങ്ങളെയും കൂട്ടി കരയ്ക്ക് കയറില്ലെന്ന് മനസ്സിലാക്കി സന്ദര്‍ശകരെ ഒഴിപ്പിച്ചു. സാഹചര്യം അനുകൂലമായി എന്ന് മനസ്സിലായതോടെ ആന കുഞ്ഞുങ്ങളുമായി വെള്ളത്തില്‍ നിന്ന് കയറി. സന്ദര്‍ശകര്‍ പകര്‍ത്തിയ ഇവയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്.
കുഞ്ഞുങ്ങളെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാല്‍ അവയുടെ സഞ്ചാരഗതി നിരീക്ഷിക്കുന്നില്ലെന്ന് കടുവാ സങ്കേത്തതിന്റെ ഡയറക്ടറായ രമേശ് കുമാര്‍ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബന്ദിപ്പൂരില്‍ ഇരട്ട ആനക്കുട്ടികള്‍ പിറക്കുന്നത്. ഇതിന് മുമ്പ് 1994ലും ഇവിടെ ഇരട്ട ആനക്കുട്ടികള്‍ ജനിച്ചിരുന്നു. ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതിന് നാട്ടാനകള്‍ക്കിടയില്‍ ഒരു ശതമാനം സാധ്യതയുണ്ടെങ്കിലും കാട്ടാനകള്‍ക്കിടയില്‍ ഇത്ര പോലും ഇല്ലാത്തതിനാല്‍ ഇവയെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷര്‍ അറിയിക്കുന്നത്.
Discussion about this post