ലൈവ് പ്രോഗ്രാമിനിടെ കുട്ടികളിടയ്ക്ക് കയറി ചര്‍ച്ച മുടക്കുകയും കറന്റ് പോവുകയും ഒക്കെ ചെയ്ത പല ചാനല്‍ അബദ്ധങ്ങള്‍ നമ്മള്‍ കോവിഡിന്റെ സമയത്ത് കണ്ടിട്ടുണ്ട്. ഇവയില്‍ പലതും വലിയ രീതിയിലാണ് വൈറലായത്. ഇപ്പോഴിതാ സമാന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്. ലൈവ് ബ്രോഡ്കാസ്റ്റിനിടെ ഉണ്ടായ അബദ്ധമോ മറ്റ് സ്ഥിരം പ്രാങ്കുകളോ ഒന്നുമല്ല. എന്‍ബിസിയുടെ വാഷിംഗ്ടണ്‍ ചീഫ് മെറ്റീരിയോളജിസ്റ്റ് ആയ ഡഗ് കമ്മര്‍ ലൈവ് ഷോയ്ക്കിടെ വീട്ടിലേക്ക് വിളിച്ച് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയോ.
കാലാവസ്ഥാ പ്രവചനത്തിനിടെ വലിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേട്ടപ്പോള്‍ താന്‍ ലൈവിലാണെന്നോ ലക്ഷക്കണക്കിന് ആളുകള്‍ തന്നെ കണ്ടുകൊണ്ടിരിക്കുകയാണെന്നോ ഒന്നും ഡഗ് ചിന്തിച്ചില്ല. ഉടനെ തന്നെ വീട്ടിലേക്ക് വിളിച്ച് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് തന്റെ വീടിനെ ബാധിച്ചേക്കാമെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം പരിഭ്രാന്തനാവുകയും ഉടന്‍ വീട്ടിലേക്ക് വിളിക്കുകയുമായിരുന്നു. മാര്‍ച്ച് 31നായിരുന്നു സംഭവം.
Yes, had to warn my family! Kids were home alone and I knew they were not watching me on TV! They are safe. Thank you! Scary moment for me though, I was freaking out inside a bit. https://t.co/To8mPxibBh
— Doug Kammerer (@dougkammerer) April 1, 2022
“അവിടെ ഇറങ്ങൂ, ഇപ്പോള്‍ തന്നെ കിടപ്പുമുറിയില്‍ കയറുക. ഒരു പതിനഞ്ച് മിനിറ്റ് കാത്തിരിക്കണം”. ഫോണിലൂടെ ഡഗ് പറയുന്നത് കേള്‍ക്കാം. ഫോണ്‍ വെച്ചതിന് ശേഷം തല്‍സമയ സംപ്രേഷണം തുടര്‍ന്ന ഡഗ് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതിനാലാണ് ഫോണ്‍ വിളിക്കേണ്ടി വന്നതെന്നും അവര്‍ ഓണ്‍ലൈന്‍ ഗെയിമിലോ മറ്റോ ആണെങ്കില്‍ ടിവി കാണാന്‍ ഇടയില്ല എന്നും പ്രേക്ഷകരോട് പറയുകയും ചെയ്തു.ഇത് കൂടാതെ തന്റെ വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ച് കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്നും ഭയാനകമായ നിമിഷമായിരുന്നു അതെന്നും അവര്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നും ഡഗ് കുറിച്ചു.
ഡഗിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡഗ് നല്ലൊരു പിതാവും കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഒരാളുമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ചുഴലിക്കാറ്റ് ശരിക്കും ഭീകരമായിരുന്നുവെന്നും ഡഗ് ചെയ്തതാണ് ശരിയെന്നും ഒരുപാട് പേര്‍ ട്വിറ്ററില്‍ കുറിച്ചു.