ഇനി എന്തുചെയ്യും നെഞ്ചിടുപ്പ് കൂടി വരുന്നു വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു. 100 ശതമാനം അപകടസാധ്യത…. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എയര്‍ അസ്താനയുടെ യാത്രാ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, വിമാനം വഴിതെറ്റി പോര്‍ച്ചുഗല്‍ വ്യോമപരിധിയില്‍ ഒരു മണിക്കൂറോളം പറന്നു. കസാക്കിസ്ഥാന്റെ ദേശീയ എയര്‍ലൈന്‍സാണ് എയര്‍ അസ്താന.
ഏറെ പണിപെട്ടിട്ടും പൈലറ്റിന് വിമാനം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല. അവസാനം പൈലറ്റുമാരുടെ കഴിവുമുഴുവന്‍ പുറത്തെടുത്ത് വിമാനം ലാന്‍ഡ് ചെയ്തു.
എന്തായിരുന്നു സംഭവിച്ചത്?
അല്‍വെര്‍ക എയര്‍ ബേസില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഇആര്‍ജെ 190 വിമാനം എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നത്. നൂറ് യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ള വിമാനത്തില്‍ ആ സമയത്ത് ആറ് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എയര്‍ അസ്താന അറിയിച്ചു. താഴെ നിന്നുള്ള നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടതോടെ വിമാനം താഴ്ന്നും പൊങ്ങിയും പറക്കാന്‍ തുടങ്ങി. ഫ്ലൈറ്റ്റഡാര് ഗ്രാഫുകളില്‍ ഇത് വ്യക്തമായി കാണാം.
ടേക്ക് ഓഫ് ചെയ്ത ഉടനെ വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചത്. ഇതോടെ വിമാനം മുകളിലേക്കും താഴേക്കുമായി ലിസ്ബണു മുകളില്‍ നിയന്ത്രണം വിട്ടു പറന്നു. വിമാനത്തിലെ എല്ലാ കണ്ട്രോള് സംവിധാനങ്ങളും പരീക്ഷിച്ചുനോക്കി. ഇതിനിടെ നിരവധി തവണ സഹായം തേടി എയര്‍ ട്രോഫിക് കണ്ട്രോള് റൂമിലേക്ക് വിളിച്ചെങ്കിലും പലപ്പോഴും ബന്ധം നഷ്ടപ്പെട്ടു.
നിയന്ത്രണം വിട്ട വിമാനത്തെ തിരിച്ചുകൊണ്ടുവരാന്‍ പോര്‍ചുഗലിന്റെ രണ്ട് എഫ്16 പോര്‍വിമാനങ്ങളാണ് അകമ്പടി പോയത്. നിയന്ത്രണം വിട്ട വിമാനം തകര്‍ന്നുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ കടലില്‍ താഴ്ത്തിയാലോ എന്നുവരെ പൈലറ്റുമാര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ പോര്‍ച്ചുഗല്‍ വ്യോമസേനയുടെ എഫ്-16 പോര്‍വിമാനങ്ങളെത്തി രക്ഷിക്കുകയായിരുന്നു. കേവലം അഞ്ചു വര്‍ഷം പഴക്കമുള്ള വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളാണ് പണിമുടക്കിയത്.
വിമാനത്തിന്റെ ക്രമം തെറ്റിയുള്ള പറക്കല്‍ അടയാളപ്പെടുത്തിയതു കണ്ട് സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ഉത്കണ്ഠയും രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങള്‍ ട്രാക് ചെയ്യുന്ന ഫ്ളൈറ്റ് റഡാര്‍24 ആണ് വിമാനത്തിന്റെ ചലനങ്ങള്‍ രേഖപ്പെടുത്തി പുറത്തുവിട്ടത്. ശരിക്കും നരകത്തില്‍ നിന്നുള്ള പറക്കല്‍ എന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. കണ്ട്രോള് റൂമുമായുള്ള ആശയവിനിമയത്തിനിടെ വിമാനം കടലില്‍ താഴ്ത്തിയാലോ എന്നു നിരവധി തവണ പൈലറ്റുമാര്‍ ചോദിക്കുന്നതിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഏകദേശം ഒന്നര മണിക്കൂറാണ് നിയന്ത്രണം വിട്ട വിമാനം ആകാശത്ത് ഭീതി പരത്തി പറന്നത്. അതിവേഗം നിയന്ത്രണത്തില്‍ വരികയും അങ്ങനെ തന്നെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്ന കാഴ്ചയായിരുന്നു ട്രോഫിക് കണ്ട്രോള് റൂമിലിരിക്കുന്നവര്‍ക്കും പൈലറ്റുമാര്‍ക്കും കാണാനായത്. അവസാനം ബെജാ എയര്‍പോര്‍ട്ടിലെ അധികം ഉപയോഗിക്കപ്പെടാതെ കിടന്ന റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോഴാണ് പൈലറ്റുമാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ശ്വാസം നേരെ വീണത്. വിമാന നിയന്ത്രണ സംവിധാനത്തില്‍ വന്ന തകരാറ് അതിജീവിച്ച പൈലറ്റുമാര്‍ക്ക് അഭിനന്ദനമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. അത്യുജ്വലമായ രീതിയിലാണ് പൈലറ്റുമാര്‍ സാഹചര്യം തരണം ചെയ്തതെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി കൊണ്ടുപോയ വിമാനമാണ് നിയന്ത്രണം വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാങ്കേതികത്തകരാറുമൂലം വിമാനം മറ്റൊരു എയര്‍പോര്‍ട്ടില്‍ ഇറക്കേണ്ടിവന്നുവെന്നാണ് എയര്‍ അസ്താന അധികൃതര്‍ പറയുന്നത്. വിമാനത്തിലെ ജീവനക്കാരില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് പോര്‍ചുഗീസ് എയര്‍ഫോഴ്സിലെ ലെഫ്റ്റനന്റ് ജനറല്‍ മാന്യുവല്‍ കോസ്റ്റയും സ്ഥിരീകരിച്ചു. അതേസമയം, ഒന്നിലേറെ തവണ ശ്രമിച്ചതിനു ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post