ഇന്ത്യയെ മാതൃകയാക്കി കള്ളപ്പണം തടയാന്‍ വെനസ്വലയിലും നോട്ട് അസാധുവാക്കല്‍ നടപടി

prayar gopalakrishnan,sabarimala,pampa river
വെനസ്വലെ: ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ വലയുന്നതിനിടെ കള്ളപ്പണം തടയാനായി ഇന്ത്യന്‍ മോഡല്‍ നടപടി സ്വീകരിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വല. കളളപ്പണമാഫിയയെ തടയാന്‍ ഏറ്റവും മൂല്യമുളള നോട്ട് അസാധുവാക്കുകയാണ് വെനസ്വലയും ചെയ്തിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മൂന്നുദിവസത്തിനുളളില്‍ പ്രചാരത്തിലുളള 100 ബോളിവര്‍ നോട്ടുകള്‍ നിരോധിക്കുമൊന്നാണ് വെനസ്വലന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യമാണ് വെനസ്വല. പണപ്പെരുപ്പനിരക്ക് ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നുമാണ് വെനസ്വല. നിലവില്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് പ്രചാരത്തിലുളള 100 ബോളിവര്‍ നോട്ടുകളുടെ മൂല്യവും വളരെ താഴന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് വെനസ്വല കടുത്ത തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് പ്രചാരത്തിലുളള നോട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുളള 100 ബോളിവര്‍ നോട്ടുകള്‍ അടുത്ത മൂന്നുദിവസത്തിനുളളില്‍ പിന്‍വലിക്കുമെന്നാണ് വെനസ്വലന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയാണ് നോട്ട് അസാധുവാക്കുന്ന തീരുമാനം വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചത്. ഇതോടെ ഏകദേശം 48 ശതമാനം കറന്‍സികളാവും വെനസ്വലയില്‍ ഉപയോഗത്തില്‍ നിന്നും ഇല്ലാതാവുക. തൊട്ടടുത്ത രാജ്യമായ കൊളംബിയയില്‍ കോടിക്കണക്കിന് ബൊളിവര്‍ കളളപ്പണമായി രാജ്യാന്തര മാഫിയകള്‍ സൂക്ഷിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നിക്കോളാസ് മഡുറോ വ്യക്തമാക്കി. ഇതില്‍ രാജ്യത്തെ ദേശീയബാങ്കുകളും പങ്കാളിയാകുന്ന ദുരവസ്ഥയുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളും സജീവമാണ്. ഇതിനെല്ലാം തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുകള്‍ അസാധുവാക്കിയത് എന്ന് പ്രസിഡന്റ് പറഞ്ഞു. നിലവില്‍ വെനസ്വലന്‍ ബോളിവറിന് മൂല്യം താഴ്ന്നത് കയറ്റുമതി വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെനിസ്വലയുടെ മുഖ്യ കയറ്റുമതി വരുമാനം എണ്ണയില്‍ നിന്നുമാണ്. ഇതിനിടെ ഭക്ഷണം, ഉള്‍പ്പെടെയുളള അവശ്യവസ്തുക്കളുടെ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. അടുത്തിടെ വെനസ്വലയുടെ പണപ്പെരുപ്പനിരക്ക് 475 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണ്യനിധി പ്രവചിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വലതുപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. എന്നാല്‍ ഈ സാമ്പത്തികപ്രതിസന്ധി അമേരിക്കയുടെ നേത്യത്വത്തിലുളള മുതലാളിത്ത ഗൂഡാലോചന ആണെന്ന് പറഞ്ഞ് മഡൂറോ തിരിച്ചടിച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)