ന്യൂഡൽഹി: രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഡോക്ടർമാരുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാസാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് സമരം. ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുമെങ്കിലും അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒപിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല.
അതേസമയം, എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അലോപ്പതി ചികിത്സക്ക് അനുമതി നൽകുന്നതാണ് മെഡിക്കൽ കമ്മീഷൻ ബില്ലിലെ പ്രധാന ശുപാർശ. ഈ ബിൽ പാസായതോടെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ എണ്ണത്തിന്റെ 30 ശതമാനം പേർക്കാണ് ചികിത്സകനാകാനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമം വന്നാൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേർക്ക് കൂടി ചികിത്സയ്ക്ക് അനുമതി കിട്ടും. എന്നാൽ, ആരോഗ്യമേഖലയിൽ ആർക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല.
എംബിബിഎസിന്റെ അവസാന വർഷ പരീക്ഷ പിജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതോടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ കുറയുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. നിയമം വന്നാൽ മെഡിക്കൽ കൗൺസിലിന് പകരം വരുന്ന മെഡിക്കൽ കമ്മീഷനിൽ 90 ശതമാനം പേരും സർക്കാർ നോമിനികളാകും. ഇത്തരം ശുപാർശകൾ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അലോപ്പതി ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. ഐഎംഎയാണ് സമരം ശക്തമാക്കിയിട്ടുള്ളത്.
Discussion about this post